ദക്ഷിണ കന്നഡ ജില്ലയിലെ പ്രശസ്‌ത പുലിക്കളി ടീമുകളിലൊന്നായ കല്ലേഗ ടൈഗേഴ്‌സ് തലവൻ വെട്ടേറ്റ് മരിച്ചു. പുത്തൂർ വിവേകാനന്ദ കോളജിന് സമീപം താമസിക്കുന്ന അക്ഷയ് കല്ലേഗ (26) യാണ് മരിച്ചത്. പുത്തൂർ താലൂക്കിൽ മൈസൂർ ദേശീയപാതയിൽ നെഹ്‌റു നഗർ ജംഗ്ഷനിൽ തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നത്. പുത്തൂരിലെത്തിയ അക്ഷയിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് സിബി ഋശ്യന്ത് പറഞ്ഞു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടതിനെ തുടർന്നുണ്ടായ തർക്കം ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിന് കാരണമാവുകയും അതാണ് കൊലപാതകത്തിൽ എത്തുകയുമായിരുന്നു എന്നാണ് സൂചന.
അക്ഷയ് കല്ലേഗയുടെ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോൾ പമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് അക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വർഷം മുമ്പാണ് അക്ഷയ് കല്ലേഗ ടൈഗേഴ്സ് ടീമിന് തുടക്കമിട്ടത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ടീം പ്രശസ്തമായി. കഴിഞ്ഞ വർഷത്തെ കന്നഡ ബിഗ് ബോസ് ഷോയിൽ കല്ലേഗ ടൈഗേഴ്‌സ് ടീമിനെ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നു.