CrimeNEWS

എടുക്കാത്ത ലോട്ടറിയുടെ സമ്മാനം തേടിയെത്തിയോ? ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ പൊലീസ്

കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ പൊലീസ്. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘം സജീവമാണെന്നും എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം നേടിയെന്ന് തെറ്റിധരിപ്പിച്ച് ഇമെയിലോ, ഫോണ്‍ മുഖാന്തരമോ സന്ദേശങ്ങള്‍ അയക്കുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. അക്കാര്യം വിശ്വസിച്ചു പിന്നാലെ പോയാല്‍ അവരുടെ കെണിയില്‍ അകപ്പെടുമെന്നും അത്തരം തട്ടിപ്പുകളെ തിരിച്ചറിയണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അറിഞ്ഞിട്ട് പോലുമില്ലാത്ത ലോട്ടറി അടിച്ചുവെന്ന തരത്തില്‍ വരുന്ന മെയിലുകളോടും ഫോണ്‍ സന്ദേശങ്ങളോടും അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കേരള ലോട്ടറിയുടെ പേരിലുള്ള ആപ്പുകള്‍ക്കെതിരെ സംസ്ഥാന ലോട്ടറി വകുപ്പും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിക്കറ്റ് വില്‍പ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നുമായിരുന്നു മുന്നറിയിപ്പ്. ഫലം നോക്കാനുള്ള ആപ്പ് മാത്രമാണ് ഔദ്യോഗികം. മറ്റൊരു ആപ്പിലും പണവും വിവരവും നല്‍കി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചത്. വ്യാജ ആപ്പുകള്‍ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.

Signature-ad

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു.

Back to top button
error: