KeralaNEWS

അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്‍റെ വിചിത്ര ഉത്തരവ്

തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആരോപണം ഉയർന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിൻറെ വിചിത്ര ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും പഴയ തസ്തികയിൽ തന്നെ നിയമിച്ച് കൊണ്ട് എസിസിഎഫ് ജി ഹണീന്ദ്ര കുമാർ റാവു ഉത്തരവിറക്കിയത്. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ തസ്തികയിൽ നിന്നും സ്ഥലം മാറ്റിയ എൽ സുധീഷ് കുമാറിനെയാണ് വനം വകുപ്പ് വീണ്ടും പഴയ തസ്തികയിൽ തന്നെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. സുധീഷ് കുമാറിനെ വീണ്ടും പഴയ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മാധ്യമങ്ങൾക്ക് ലഭിച്ചു.

തിരുവനന്തപുരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാർ, മരം മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുൾപ്പടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണം ഉയർന്നതിന് പിന്നാലെ വനം വകുപ്പ് ഐടി വിഭാഗത്തിലേക്കായിരുന്നു സുധീഷിനെ സ്ഥലം മാറ്റിയിരുന്നത്. എന്നാൽ, ഇത്തരത്തിൽ അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിയെ ഐടി വിഭാഗത്തിൽ നിയമിക്കാൻ ആകില്ലെന്ന് ഐടി വിഭാഗം മേധാവി ശക്തമായ നിലപാടെടുത്തു. ഇതിന് പിന്നാലെ മറ്റ് അപ്രധാന തസ്തികകളിലേക്കോ അല്ലെങ്കിൽ മറ്റ് റെയ്ഞ്ചുകളിലേക്കോ മാറ്റുന്നതിന് പകരം ആരോപണം നേരിട്ട പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ തസ്തികയിലേക്ക് തന്നെ ഇയാളെ മാറ്റിക്കൊണ്ട് വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ജി ഹണീന്ദ്ര കുമാർ റാവു വിചിത്രമായ ഉത്തരവിറക്കിയത്.

ഐടി വിഭാഗത്തിൽ നിന്നും ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലും മറ്റ് പോസ്റ്റുകളിലേക്ക് സുധീഷ് കുമാറിനെ നിയമിക്കുന്നത് വകുപ്പിൻറെ താത്പര്യങ്ങൾക്ക് വിരുദ്ധമായതിനാലും ഭരണപരമായ കാര്യങ്ങൾ കണക്കിലെടുത്തും സൂധീഷ് കുാമറിൻറെ അപേക്ഷ പരിഗണിച്ചും ഇയാളെ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റെയ്ഞ്ചിൽ തന്നെ തുടരാൻ അനുവദിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഭരണകക്ഷിയായ എൻസിപിയിലെ ഉന്നതരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് എൽ സുധീഷ് കുമാറിനെ പരുത്തിപ്പള്ളി റെയിഞ്ചിലേക്ക് തന്നെ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയതെന്നും ഇതിനിടെ ആരോപണങ്ങൾ ഉയർന്നു. എൽ സുധീഷ് കുമാറിനെ ഐടി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ പരുത്തിപ്പള്ളി റെയ്ഞ്ചിൻറെ അധിക ചുമതല നൽകിയിരുന്ന പേപ്പാറ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ സലിൻ ജോസഫിനെ, പുതിയ സാഹചര്യത്തിൽ പരുത്തിപ്പള്ളി റെയ്ഞ്ചിൻറെ അധിക ചുമതലയിൽ നിന്നും മറ്റുകയാണെന്നും ഉത്തരവിൽ പറയുന്നു.

Back to top button
error: