ന്യൂഡല്‍ഹി/കാഠ്മണ്ഡു: നേപ്പാളില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 128 മരണം. നാനൂറോളം പേര്‍ക്കു പരുക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. വെള്ളിയാഴ്ച രാത്രി 11.32 നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. രാത്രിയായതിനാല്‍ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.
നേപ്പാളിലെ ജാജര്‍കോട്ട് ജില്ലയിലെ റാമിഡാന്റ പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. നിരവധിപ്പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. റുകും ജില്ലയില്‍ മാത്രം 35 പേര് മരിച്ചതായാണു വിവരം. ജാജര്‍കോട്ടില്‍ മുപ്പതില്‍ അധികം പേരും മരിച്ചു. നേപ്പാള്‍ സൈന്യവും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യായര്‍ കോട്ട്, രുക്കം വെസ്റ്റ് ജില്ലകളിലാണു നാശനഷ്ടം ഏറെയും റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ രാത്രിയില്‍ ബന്ധുക്കള്‍ക്കായി പരതുന്ന പ്രദേശവാസികളുടെ വിഡിയോകള്‍ പുറത്തുവന്നു. ഒക്ടോബര്‍ 22 നും നേപ്പാളില്‍ ഭൂചലനം സംഭവിച്ചിരുന്നു. അന്നു 6.1 തീവ്രതയുള്ള ഭൂചലനമാണ് സംഭവിച്ചത്.
അതേസമയഗ, ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ നേപ്പാളിനൊപ്പമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും നാശമുണ്ടായതിലും ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യ നേപ്പാളിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ തയാറാണ്. മരിച്ചവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.