ഹാര്‍ദ്ദിക്കിന് പരിക്കേറ്റതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഷമിയുടെ മടങ്ങിവരവ്.ഈ ലോകകപ്പിലെ 3 മത്സരങ്ങളില്‍ നിന്ന് മാത്രം 14 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടിരിക്കുന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോട് കൂടി പല റെക്കോര്‍ഡുകളും ഷമിയുടെ പേരിലായി. ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനായതോടെ ലോകകപ്പിലെ ഷമിയുടെ വിക്കറ്റ് നേട്ടം 45 ആയി ഉയര്‍ന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം ഷമിയുടെ പേരിലായി.
23 ഇന്നിങ്ങ്‌സുകളില്‍ നിന്നും 44 വിക്കറ്റുകളെടുത്ത സഹീര്‍ ഖാന്‍, 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റുകളെടുത്ത ജവഗല്‍ ശ്രീനാഥ് എന്നിവരെയാണ് ഷമി പിന്നിലാക്കിയത്. വെറും 14 ഇന്നിങ്ങ്‌സുകളിലാണ് ഷമിയുടെ 45 വിക്കറ്റ് നേട്ടം.
ഈ കലണ്ടര്‍ വര്‍ഷം ഇത് നാലാം തവണയാണ് ഷമി ഒരു ഇന്നിങ്ങ്‌സില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ നേടുന്നത്. അതില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കി. 2013ലും ഷമി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ആകെ 14 ഇന്നിങ്ങ്‌സുകളില്‍ 7 തവണയും ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഷമി ഇപ്പോള്‍. നാലു തവണയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.