മുംബൈ: മഹാരാഷ്ട്രയിൽ മറാഠാ പ്രക്ഷോഭകാരികൾ കർണാടക ആർ.ടി.സി. ബസിന് തീയിട്ടു. ഇതേത്തുടർന്ന് കർണാടകത്തിൽനിന്ന് മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു.
ബീദറിലെ ഭാൽക്കിയിൽനിന്ന് പുണെയ്ക്കുപോവുന്ന കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് കത്തിച്ചത്.
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലുള്ള തുരോരി ഗ്രാമത്തിൽ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ബസിന് തീയിട്ടത്. 48 യാത്രക്കാർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ബസ് തടഞ്ഞുനിർത്തിയ പ്രക്ഷോഭകാരികൾ യാത്രക്കാരോടും ജീവനക്കാരോടും ഇറങ്ങാനാവശ്യപ്പെട്ടു. ഇവർ ഇറങ്ങിയ ശേഷമാണ് തീയിട്ടത്.
സംഭവമറിഞ്ഞയുടൻ മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെക്കാൻ കല്യാണകർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.ഡി. എം. രാച്ചപ്പ ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ പ്രക്ഷോഭം അവസാനിച്ചശേഷമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂവെന്നാണ് സൂചന.