50 കഴിഞ്ഞ സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാന പ്രശ്നമാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപോറോസിസ്. അസ്ഥിക്ഷയം ബാധിക്കുന്നതോടെ സുഷിരങ്ങൾ വലുതായി ഭിത്തികളുടെ കനം കുറയും. എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുന്നതിനത്തെുടർന്ന് വളരെ പെട്ടെന്ന് അസ്ഥികൾ ഒടിയുന്നതാണ് പ്രധാന രോഗലക്ഷണം. അസ്ഥി ക്ഷയം ഗുരുതരമാകുന്നതോടെ ചെറിയ ക്ഷതങ്ങൾപോലും സങ്കീർണമായ ഒടിവുകൾക്കിടയാക്കും.
സ്ത്രീകൾ, പ്രത്യേകിച്ച്, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ കാരണം ഈ അവസ്ഥയ്ക്ക് കൂടുതൽ വിധേയരാകുന്നു. കുറഞ്ഞ അസ്ഥി സാന്ദ്രതയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും പ്രായമാകുന്നതിനനുസരിച്ച് മെച്ചപ്പെട്ട അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്…
ഒന്ന്…
ശക്തമായ എല്ലുകളെ നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരമാണ് അടിസ്ഥാനം. പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. കാൽസ്യം ആഗിരണത്തിന് വിറ്റാമിൻ ഡിയും നിർണായകമാണ്.
രണ്ട്…
നടത്തം, ജോഗിംഗ്, നൃത്തം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് അസ്ഥികളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും സഹായിക്കും. എല്ലുകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിനുമായി ദിവസവും 20 മിനുട്ട് വ്യായാമം ശീലമാക്കുക.
മൂന്ന്…
പുകവലിയും അമിതമായ മദ്യപാനവും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകുന്നു. പുകവലി കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. അതേസമയം അമിതമായ മദ്യപാനം അസ്ഥികളുടെ രൂപവത്കരണത്തെ തടസ്സപ്പെടുത്തും. പുകവലി ഉപേക്ഷിക്കുന്നതും മദ്യം കഴിക്കുന്നത് നിയന്ത്രിക്കുന്നതും ഓസ്റ്റിയോപൊറോസിസ് സാധ്യത ഗണ്യമായി കുറയ്ക്കും.
നാല്…
അസ്ഥികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് 50-കളിൽ സ്ത്രീകൾ പതിവായി അസ്ഥി സാന്ദ്രത പരിശോധനയ്ക്ക് വിധേയരാകുന്നത് നിർണായകമാണ്. ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി (ഡിഎക്സ്എ) പോലുള്ള ഈ പരിശോധനകൾക്ക് ഓസ്റ്റിയോപൊറോസിസിന്റെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താനാകും.
അഞ്ച്…
ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. ബിഎംഐ അനുസരിച്ച് ആരോഗ്യകരമായ സന്തുലിത ഭാരം നിലനിർത്തേണ്ടത് എല്ലാവർക്കും അത്യാവശ്യമാണ്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, പുകവലി ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി ക്രമീകരണം എന്നിവയിലൂടെ സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കഴിയും.
ആറ്…
അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും അത്യാവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും പ്രധാന ഘടകമാണ് കാൽസ്യം. അതേസമയം വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.