മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നതിന്റെ ചിത്രം പകര്‍ത്തിയശേഷമായിരുന്നു അധ്യാപന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുബൈര്‍ എന്ന അധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
മര്‍ദ്ദനത്തെതുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് ഒരു കാരണവുമില്ലാതെ മര്‍ദ്ദിച്ചതെന്ന് മാതാവ് പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ഒന്നിച്ച് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്തശേഷം ക്ലാസില്‍ മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് മോശമായി സംസാരിച്ചുകൊണ്ട് മകനെ വടികൊണ്ട് അധ്യാപകന്‍ പലതവണയായി തല്ലിയതെന്ന് മാതാവ് പറഞ്ഞു. മര്‍ദനത്തില്‍ മകന്റെ തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റുവെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെ കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവവും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ഉണ്ടാകുന്നത്. കൊല്ലത്ത് ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസുകാരനെ ട്യൂഷന്‍ ക്ലാസിലെ അധ്യാകനായ റിയാസ് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ കുട്ടിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന മന്ത്രി വീണ ജോര്‍ജും നിര്‍ദേശം നല്‍കിയിരുന്നു. പട്ടത്താനത്തുള്ള അക്കാദമി ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടി കള്ളം പറഞ്ഞത് കൊണ്ടാണ് അടിച്ചതെന്നാണ് റിയാസ് രക്ഷിതാക്കളോടും പറഞ്ഞത്. കുട്ടിയുടെ കാലിലും തുടയിനുമടക്കം അടികൊണ്ട പടുകളുണ്ട്.