ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കേരള സര്‍ക്കാരിന് ഹൈകോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരില്‍ ഈ ആവശ്യം ഉന്നയിക്കാത്തത് പരാമര്‍ശിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ഹര്‍ജിയില്‍ സര്‍ക്കാരിനെ സ്വമേധയാ കക്ഷിചേര്‍ത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നല്‍കാത്തതും കോടതി വ്യക്തമാക്കി.
വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ സൈനുല്‍ ആബിദീന്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹർജി 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.