KeralaNEWS

ഭാര്യയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം; നിർണായകമായത് മക്കളുടെ മൊഴി

മാനന്തവാടി: ഭാര്യയെ കുത്തിക്കൊന്നയാളെ ജീവപര്യന്തം തടവിനും അഞ്ചുലക്ഷംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഭാര്യ ചന്ദ്രികയെ കൊന്ന കേസില്‍ ഇരിട്ടി കിളിയന്തറ പാറക്കണ്ടി പറമ്ബില്‍ പി.കെ.അശോകനെയാണ് (48) മാനന്തവാടി പ്രത്യേക കോടതി ജഡ്ജിയും അഡീഷണല്‍ സെഷൻസ് ജഡ്ജുമായ പി.ടി. പ്രകാശൻ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയായ അഞ്ചുലക്ഷംരൂപ ചന്ദ്രികയുടെ മക്കളായ അശ്വതിക്കും അനശ്വരയ്ക്കും നല്‍കണം. ഈ തുക അശോകനില്‍നിന്ന് ഈടാക്കാനായില്ലെങ്കില്‍ തുക നല്‍കാനുള്ള നടപടി സ്വീകരിക്കാൻ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Signature-ad

2019 മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അശോകന്റെ ഉപദ്രവത്തെത്തുടര്‍ന്ന് തോല്പെട്ടി ചെക്പോസ്റ്റിനു സമീപത്തുള്ള സഹോദരൻ കൊറ്റൻകോട് സുധാകരന്റെ വീട്ടിലായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്. ഈ വീട്ടിലെത്തിയാണ് രാത്രി ഒൻപതോടെ മക്കളുടെ മുന്നില്‍വെച്ച്‌ അശോകൻ ചന്ദ്രികയെ കുത്തിയത്. ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി പുറത്തിറങ്ങിയ ചന്ദ്രികയെ അശോകൻ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ചന്ദ്രികയുടെ സഹോദരൻ സുധാകരനെ ഒന്നാംസാക്ഷിയാക്കിയും മക്കളെ രണ്ടും മൂന്നും സാക്ഷികളാക്കിയുമാണ് കേസ് വിസ്തരിച്ചത്. ഇവരുടെ മൊഴിയാണ് ശിക്ഷ ലഭിക്കുന്നതിന് നിര്‍ണായക വഴിത്തിരിവായത്. 25 സാക്ഷികളെ വിസ്തരിച്ച കേസില്‍ 43 രേഖകളും അമ്ബത് തൊണ്ടിമുതലുകളും ഹാജരാക്കി.

 പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.

Back to top button
error: