KeralaNEWS

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിപ്പിച്ച സംഭവം: വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം

കാസര്‍കോട്: ദളിത് വിദ്യാർഥിയുടെ മുടി മുറിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്‍റെ രാഷ്ട്രീയ – സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമാണെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ പറയുന്നു.

പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ന് സ്‌കൂളിൽ നടന്ന അസംബ്ലിയിലാണ് മുടി മുറിച്ചത്.

Back to top button
error: