KeralaNEWS

കളമശ്ശേരി സ്ഫോടനം: പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ 12കാരിയും മരിച്ചു; മരണം മൂന്നായി

കൊച്ചി: കളമശ്ശേരി കൺവൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡി​ന്റെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. 25ഓളം പേർ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെനേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.

ലയോണയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.

കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവൻഷൻ സെന്ററിന്റെ അകത്താണ് ഇന്നലെ രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Back to top button
error: