KeralaNEWS

ആഗോള മെഡിക്കൽ ഹബ്ബാകാൻ കേരളത്തിന് സാധ്യതകൾ ഏറെ; കേരളത്തിന്റെ കിംസ് ആശുപത്രിയെ ഏറ്റെടുത്ത് അമേരിക്കന്‍ കമ്ബനി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ (KHML) അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ (QCIL) ഏറ്റെടുത്തു.

കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യണ്‍ ഡോളര്‍) കണക്കാക്കിയാണ് കരാര്‍ ഒപ്പുവച്ചത്.ആരോഗ്യ മേഖലയിൽ കേരളത്തിന് കൂടുതൽ കരുത്ത് പകരുന്ന ഒരു നടപടിയാണ് ഇത്.കാരണം ദേശീയ ശരാശരിയേക്കാള്‍ മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്.വികസനത്തിന്റെ ‘കേരള മോഡല്‍’ ഏറെ ഉപയോഗിക്കപ്പെടുന്ന പദമാണെങ്കിലും  സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന, കേരള ജനസംഖ്യയിലെ 70 ശതമാനം പേരും ചികിത്സാ ചെലവ് കുറഞ്ഞ, വലിയ സൗകര്യങ്ങളില്ലാത്ത ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്ന് ഇവിടെ കാണാതിരുന്നുകൂടാ.

Signature-ad

കൂടിവരുന്ന തൊഴിലില്ലായ്മ, വരുമാനത്തിലെ അസമത്വം, ഉള്‍നാടുകളില്‍ നല്ല ആശുപത്രികള്‍ അധികമില്ലാത്തത്, വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചിലവുകൾ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍.

 ഇതിനൊരു മാറ്റം വരുത്തിയാൽ കേരളം ലോകത്തിന്റെ മെഡിക്കൽ ഹബ്ബാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ഹെല്‍ത്ത്‌കെയര്‍ രംഗത്തെ രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, തുടര്‍ച്ചയായി ദേശീയ തലത്തില്‍ നേട്ടം കൈവരിക്കുന്ന ആരോഗ്യ സംവിധാനം, ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹം തുടങ്ങി ആരോഗ്യപരിരക്ഷാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാകാനുള്ള എല്ലാ ഘടകങ്ങളും ഇവിടെ ഒത്തുചേരുന്നുണ്ട്.

കേരളത്തിലെ ലോകോത്തര സൗകര്യമുള്ള ആശുപത്രികള്‍, പ്രശസ്തരും വിദഗ്ധരുമായ ഡോക്ടര്‍മാര്‍, പരിശീലനം സിദ്ധിച്ച നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ടെക്‌നീഷ്യന്മാര്‍, രാജ്യാന്തര വ്യോമ കണക്റ്റിവിറ്റി എന്നിവയെല്ലാം മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തെ അനുയോജ്യമായ ഇടമാക്കുന്നു.

എല്ലാ ജി.സി.സി രാജ്യങ്ങളുമായും മിക്ക ഏഷ്യന്‍ രാജ്യങ്ങളുമായും നിലവില്‍ കേരളത്തില്‍ നിന്ന് നേരിട്ട് കണക്റ്റിവിറ്റിയുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളുമായും റോഡ്, റെയില്‍, ജല, വ്യോമ മാര്‍ഗങ്ങളിലൂടെയും മികച്ച കണക്റ്റിവിറ്റിയാണുള്ളത്. ഇവിടെ മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവാണ്. കേരളത്തിലെ ആരോഗ്യപരിരക്ഷാ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും ഒരുപോലെ ശക്തമാണ്.

കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായോ ഇളവുകള്‍ നല്‍കിക്കൊണ്ടോ മികച്ച ചികിത്സ ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. സര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറ്റവും ചുരുങ്ങിയത് ജി.ഡി.പിയുടെ 6-8 ശതമാനമെങ്കിലും ആരോഗ്യരംഗത്തെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മാറ്റിവെയ്ക്കണം.ഇപ്പോഴിത് 2-3 ശതമാനമാണ്.

മാത്രമല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പൂര്‍ണ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണം. നിശ്ചിത വരുമാനത്തില്‍ താഴെയുള്ള ദരിദ്ര ജനവിഭാഗത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കണം. അതുപോലെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.ഇതെല്ലാം നടപ്പാക്കിയാൽ കേരളത്തിലെ നഴ്സുമാർ ഉൾപ്പടെയുള്ളവർ വിദേശത്തേക്കല്ല,അവരെ തേടി ലോകം കേരളത്തിലേക്കാകും എത്തുന്നത്.

Back to top button
error: