സ്വന്തം ജീവിതം അടയാളപ്പെടുത്താനായാൽ മരണശേഷവും നമുക്ക് ജീവിക്കാം
വെളിച്ചം
ആ നാട്ടിലെ അതിസമ്പന്നനാണ് അയാള്‍. ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് മരണപ്പെട്ടു. ഇതുകേട്ടപ്പോള്‍ മുതല്‍ അയാള്‍ക്ക് മരണഭയമായി. ഇത് അദ്ദേഹത്തെ അസുഖത്തിലെത്തിച്ചു. മരുന്നൊന്നും ഫലിക്കാതെയായി. അപ്പോഴാണ് യാത്രികനായ ഒരു പണ്ഡിതന്‍ അവിടെയെത്തിയത്. എല്ലാം കേട്ട പണ്ഡിതന്‍ പറഞ്ഞു:
“ഞാന്‍ ഈ അസുഖം വളരെ വേഗം ഭേദമാക്കാം. മരണഭയം വരുമ്പോഴെല്ലാം ഞാന്‍ പറയുന്ന ഈ വാചകം ഉറക്കെ പറയുക: എനിക്ക് മരിക്കുന്നത് വരെ ജീവിക്കണം. കൂടാതെ താങ്കളാല്‍ കഴിയുന്ന നന്മപ്രവൃത്തികള്‍ എല്ലാം ചെയ്യുകയും വേണം. ഞാന്‍ ഏഴ് ദിവസം കഴിഞ്ഞ് തിരിച്ചുവരാം….”
അയാള്‍ സമ്മതിച്ചു.
ഏഴുദിവസം കഴിഞ്ഞ് പണ്ഡിതന്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:
“താങ്കളുടെ മരുന്ന് ഫലിച്ചു. എന്തായാലും ഒരു ദിവസം മരണംവരും. അന്നു മാത്രമേ ഞാന്‍ മരിക്കൂ.”
അയാള്‍ സന്തുഷ്ടനായിരുന്നു.
എന്ന് മരിക്കും എന്നതല്ല, എന്നുവരെ ജീവിക്കും എന്നതാണ് പ്രധാനം. ചിലര്‍ അവസാന ശ്വാസം വരെ ജീവിക്കും. ചിലര്‍ മരണശേഷവും…
ജീവിച്ചിരിക്കുന്നതിന്റെ അടയാളപ്പെടുത്തലുകള്‍ നമ്മുടെ ഓരോ പ്രവൃത്തിയിലുമുണ്ടെങ്കില്‍ അത് മറ്റുളളവര്‍ക്ക് പ്രചോദനകരവും മാര്‍ഗ്ഗദര്‍ശകവുമായി മാറും.
നമുക്കും നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്താനാകട്ടെ.
നന്മകളും സന്തോഷവും നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ