NEWSWorld

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് ; മാനുഷിക പരിഗണന പ്രതീക്ഷിക്കേണ്ടെന്ന് ഇസ്രായേൽ 

ഗാസ: ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന്  ഹമാസ്. റഷ്യ സന്ദര്‍ശിക്കുന്ന ഹമാസ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

229 പേര്‍ ബന്ദികളായി തങ്ങളുടെ പക്കലുണ്ടെന്നും ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്നും അവർ ആവശ്യപ്പെട്ടു.എന്നാൽ യാതൊരുവിധ മാനുഷിക പരിഗണനയും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ഇസ്രായേലിന്റെ മറുപടി.

അതേസമയം ഒക്‌ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച മുതിര്‍ന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസമുനമ്ബിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിലും സേന ആക്രമണം നടത്തി.

തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച്‌ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലായിരുന്നു ആക്രമണം. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ഇതിന് ബന്ധമില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഗാസയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ധനമില്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അടിയന്തര സഹായം എത്തിച്ചില്ലെങ്കില്‍ നവജാതശിശുക്കളടക്കം ആയിരങ്ങള്‍ ആശുപത്രികളില്‍ മരിച്ച്‌ വീഴുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Back to top button
error: