Fiction

പ്ലാന്‍ ചെയ്യുന്നതുപോലെ നടക്കണം എന്നില്ല. നാം പ്ലാന്‍ ചെയ്തതിലും വലുതായിരിക്കും ചിലപ്പോള്‍ സംഭവിക്കുക

വെളിച്ചം

       അയാളുടെ തുണിത്തരങ്ങള്‍ക്ക് വളരെയധികം ആവശ്യക്കാര്‍ ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തിലേക്കാള്‍ കൂടുതല്‍ വില ദൂരെയുള്ള അയല്‍ നാട്ടിൽ ലഭിക്കുമെന്ന് മനസ്സിലാക്കിയ അയാള്‍ ആ രാജ്യത്തേക്ക് പോകാനുള്ള അവസരം കാത്തിരുന്നു. വളരെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് അയാള്‍ക്ക് അവിടേക്ക് പോകുന്ന കപ്പിലില്‍ ഒരു സീറ്റ് കിട്ടിയത്. ഒരുദിവസം രാത്രിയിലുണ്ടായ കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു. കപ്പലിന്റെ പൊളിഞ്ഞുപോയ ഒരു മരപ്പാളിയില്‍ ഒരുവിധം അയാള്‍ പിടിച്ചുകിടന്നു.

കഠിനമായ തണുപ്പില്‍ ബോധം നഷ്ടപ്പെട്ട അയാള്‍ പിന്നീട് കണ്ണ് തുറന്നത് ഒരു ദ്വീപില്‍ വെച്ചായിരുന്നു. ആ ദ്വീപില്‍ പക്ഷേ, ആരെയും അയാള്‍ക്ക് കണ്ടെത്താനായില്ല. അവിടെയുള്ള മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചും ഉപ്പുവെള്ളം കുടിച്ചും അയാള്‍ ജീവന്‍ നിലനിര്‍ത്തി. അവിടെ അടിഞ്ഞുകൂടിയ പഴയ പായ്ക്കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് അയാള്‍ ഒരു കുടില്‍ കെട്ടിയുണ്ടാക്കി. രാത്രിയിലെ കനത്തമഞ്ഞില്‍ നിന്നും രക്ഷനേടാന്‍ അതൊരു ആശ്വാസമായിരുന്നു. കല്ലുരച്ച് തീ ഉണ്ടാക്കാന്‍ അയാള്‍ പഠിച്ചു. ഒരു ദിവസം രാത്രി തന്റെ കുടിലില്‍ തീ കായുമ്പോള്‍ ഒരു കൊടുങ്കാറ്റ് വരികയും ആ തീ അവിടെമാകെ ആളിപ്പടരുകയും അയാളുടെ ആകെയുള്ള കുടില്‍ കത്തിയമരുകയും ചെയ്തു. ആകൊടും തണുപ്പില്‍ അയാള്‍ ദൈവത്തെ കുറെ ചീത്ത പറഞ്ഞു കരഞ്ഞു.

എപ്പോഴോ ഉറങ്ങിപ്പോയ അയാള്‍ കുറെപേരുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ ഒരു കപ്പല്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത് കണ്ടു. അയാള്‍ സന്തോഷത്തോടെ കപ്പിലിലേക്ക് ഓടിക്കയറി. അവിടെയുള്ളവരോട് എങ്ങിനെ ഇവിടെയെത്തിയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു:
“നിങ്ങളല്ലേ, തീ കത്തിച്ച് കരയിലേക്കുള്ള മാര്‍ഗ്ഗം കാണിച്ച് തന്നത്…”
അയാള്‍ ദൈവത്തോട് മാപ്പ് പറഞ്ഞു.

പലപ്പോഴും നമ്മള്‍ പലതും പ്ലാന്‍ ചെയ്യുന്നു. പക്ഷേ, അതൊന്നും ചിലപ്പോള്‍ പ്രാവര്‍ത്തികമാകില്ല. മാത്രമല്ല, പ്രതീക്ഷിക്കാത്ത പലതും നടക്കുകയും ചെയ്യും. ചിലപ്പോള്‍ അത് നമ്മള്‍ പ്ലാന്‍ ചെയ്തതിലും വലുതായിരിക്കും… ഗീതയിലെ വാക്യം പോലെ, സംഭവിക്കുന്നതെല്ലാം നല്ലതിന്, സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്. ശുഭദിനം

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: