ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ജനപ്രീതി കൂടുകയാണ്. വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും വാഹനങ്ങൾക്കായുള്ള ദീർഘകാല കാത്തിരിപ്പും കണക്കിലെടുത്ത് ടൊയോട്ട മോട്ടോർ ഇന്ത്യയിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ജപ്പാൻ ഓട്ടോ ഷോയ്ക്കിടെയാണ് ടൊയോട്ട ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ കാറുകളുടെ ഡിമാൻഡ്, പ്രത്യേകിച്ച് ഹൈ-എൻഡ് വിഭാഗത്തിൽ, കൊവിഡിന് ശേഷം ഇന്ത്യയിൽ കുതിച്ചുചാട്ടം നടത്തിയതായി കമ്പനി പറഞ്ഞു.
കമ്പനിയുടെ കർണാടകയിലെ ബിദാദിയിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്ന രണ്ട് പ്ലാന്റുകൾ ഉപയോഗിച്ച് നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ബംഗളൂരു ആസ്ഥാനമായുള്ള കിർലോസ്കർ ഗ്രൂപ്പുമായി സംയുക്തമായി പ്രവർത്തിക്കുന്ന ടൊയോട്ട, കർണാടകയിൽ അതിന്റെ രണ്ട് സൗകര്യങ്ങൾ ഉപയോഗിക്കുന്നുവെന്നും രണ്ട് പ്ലാന്റുകൾക്കും പ്രതിവർഷം 3.42 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട് എന്നും ടൊയോട്ട മോട്ടോർ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ യോച്ചി മിയാസാക്കി പറഞ്ഞു.
കോവിഡിന് ശേഷം, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വിപണി വീണ്ടെടുക്കൽ വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ടൊയോട്ട അതിന്റെ മോഡലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും നീണ്ട കാത്തിരിപ്പും പരിഹരിക്കുന്നതിനായി ഇന്ത്യയിൽ മൂന്നാമത്തെ പ്ലാൻറും ആസൂത്രണം ചെയ്യുന്നുവെന്നും ഇന്ത്യയിൽ വലിയ കാറുകൾക്കായുള്ള ഡിമാൻഡ് ഒരു നല്ല സൂചനയായാണ് കാണുന്നതെന്നും മിയാസാക്കി വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ ഉയർന്ന സെഗ്‌മെന്റുകളുടെ ശക്തി ഉയരുന്നുവെന്നും ഇത് ഇപ്പോൾ ടൊയോട്ടയുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോർച്യൂണർ , ഫോർച്യൂണർ ലെജൻഡർ എസ്‌യുവികൾ, ഇന്നോവ ക്രിസ്റ്റ , ഇന്നോവ ഹൈക്രോസ്, റൂമിയോൺ എംപിവികൾ, അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി, കാംറി ഹൈബ്രിഡ് സെഡാൻ, ഹിലക്സ് പിക്കപ്പ് ട്രക്ക്, ഗ്ലാൻസ ഹാച്ച്ബാക്ക് എന്നിവ ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നു. ഈ എട്ട് മോഡലുകളും കർണാടകയിലെ കമ്പനിയിലാണ് നിർമ്മിക്കുന്നത്. ഗ്രാൻഡ് വിറ്റാര എസ്‌യുവി പോലുള്ള ഇന്ത്യൻ പങ്കാളിയായ മാരുതി സുസുക്കിയുമായി സംയുക്തമായി വികസിപ്പിച്ച വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഈ സൗകര്യത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നു.
ടൊയോട്ട ഈയിടെ ബിഡാദി ഫെസിലിറ്റിയിൽ 30 ശതമാനം ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി മൂന്നാം ഷിഫ്റ്റ് ആരംഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി 90 കോടിയിലധികം രൂപ നിക്ഷേപിക്കുകയും കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ സഹായിക്കുന്നതിന് 1,500 അധിക തൊഴിലാളികളെ നിയമിക്കുകയും ചെയ്‍തു. ഈ വർഷം ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ ടൊയോട്ടയുടെ വിൽപ്പന 35 ശതമാനം ഉയർന്നു. ഇക്കാലയളവിൽ ഏകദേശം 1.24 ലക്ഷം വാഹനങ്ങൾ വിറ്റു എന്നാണ് കണക്കുകൾ.