KeralaNEWS

‘ഇവര്‍ വിവാഹ തട്ടിപ്പുകാര്‍’ എന്ന അടിക്കുറിപ്പോടെ കാസര്‍കോട്ടെ 3 യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുകില്‍, വ്യാജപ്രചാരണം മൂലം അപമാനിതരായി ഇരകള്‍

   ‘ഇവര്‍ വിവാഹ തട്ടിപ്പുകാര്‍’ എന്ന അടിക്കുറിപ്പോടെ തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു എന്ന് കാസര്‍കോട് സ്വദേശികളായ 3 യുവാക്കളുടെ   പരാതി. 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയെന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ടത്രേ. എന്നാല്‍, ഇങ്ങനയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചാരണത്തിലൂടെ തങ്ങളെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് എന്നും ഇരകളായ കളനാട്ടെ എ.എച്ച് മുഹമ്മദ് കുഞ്ഞി, സ്വാലിഹ് കൊമ്പന്‍പാറ, അയ്യങ്കോലിലെ എ.എം സലീം എന്നിവര്‍ പറഞ്ഞു.

‘മുബീന മുബി’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. തന്റെയും മാതാവിന്റെയും സഹോദരന്റെയും ചിത്രം സഹിതമാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതെന്ന് എ.എം സലീം വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്കതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായി ഈ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് മനസിലാകുന്നു. ഗള്‍ഫിലുള്ള ഏതാനും പേര്‍ക്കെതിരെയും ഇത്തരത്തില്‍ പ്രചാരണം നടത്തിയിട്ടുണ്ട്.

Signature-ad

തങ്ങളെ എന്തിനാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നാണ് കണ്ണീരോടെ യുവാക്കള്‍ ചോദിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് യുവാക്കള്‍ പൊലീസിൽ  പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിലടക്കം പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുവാക്കൾ അറിയിച്ചു.

Back to top button
error: