ഭോപ്പാല്‍: സീറ്റ് തര്‍ക്കം രൂക്ഷമായ മധ്യപ്രദേശ് ബിജെപിയില്‍ മുതിര്‍ന്ന നേതാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലുമായി. ഭോപാല്‍ സൗത്തില്‍ നിന്നു 3 തവണ എംഎല്‍എയായ മുന്‍ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത (71)യ്ക്കാണു ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ബഹളമുണ്ടാക്കി. 80 വയസുള്ളവര്‍ക്കു വരെ സീറ്റു നല്‍കിയിട്ടും ഗുപ്തയെ തഴഞ്ഞത് അനീതിയാണെന്നാണ് അനുയായികളുടെ വാദം.
കോണ്‍ഗ്രസ് നേതാവ് ദ്വിഗിജയ് സിങ് ആശുപത്രി സന്ദര്‍ശിച്ച് ഗുപ്തയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ റുസ്തം സിങ് (78) കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. റുസ്തം സിങ്ങിന്റെ മകന്‍ രാകേഷ് സിങ് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സ്ഥാനാര്‍ഥിയായി മൊറേന മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്നുണ്ട്. മകനുവേണ്ടി പ്രചാരണം നടത്തുന്നതിന് അദ്ദേഹം ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള ഗുര്‍ജാര്‍ നേതാവാണ് റുസ്തം സിങ്. 2003 ല്‍ ഐപിഎസ് ഉപേക്ഷിച്ചാണു ബിജെപിയില്‍ ചേര്‍ന്നത്. 2 തവണ എംഎല്‍എയും മന്ത്രിയുമായി.
സീറ്റ് നഷ്ടപ്പെട്ട മുന്നാ ലാല്‍ ഗോയലിന്റെ അനുയായികള്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു. ഗ്വാളിയറില്‍ സിന്ധ്യയുടെ ജയ് വിലാസ് കൊട്ടാരത്തിനു മുന്നിലായിരുന്നു പ്രതിഷേധം. മുന്നലാലിനൊപ്പം നില്‍ക്കുമെന്ന് സിന്ധ്യ ഉറപ്പു നല്‍കിയതിനു ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയ മുന്നലാല്‍ 2020 ല്‍ സിന്ധ്യയ്‌ക്കൊപ്പമാണു ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഗ്വാളിയര്‍ ഈസ്റ്റില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു.