റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, ‘ഒറ്റ’ ഈ വെള്ളിയാഴ്ച എത്തും; ആസിഫ് അലി നായകൻ
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഒറ്റ’ ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തും. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. എസ്. ഹരിഹരനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനാണ് പാലക്കാട് സ്വദേശിയായ എസ്.ഹരിഹരൻ . അദ്ദേഹന്റെ ജീവിതത്തിലെ കുറെ കാര്യങ്ങളാണ് ചിത്രത്തിന്റെ മൂലകഥ. വീടും നാടും വിട്ടുപോയ കുട്ടികളെ കണ്ടെത്തി തിരിച്ചു മാതാപിതാക്കളെ ഏൽപിക്കുന്ന, അത്തരം കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സംഘടന.
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തർക്കത്തെ തുടർന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരിൽ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്.
പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒറ്റ’. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ വരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അഞ്ചു പാട്ടുകൾ ഉള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ വർമ്മയാണ്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘ഒറ്റ’ റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയുന്നു:
“ഇതൊരു തട്ടുപൊളിപ്പൻ ചിത്രമല്ല. നമുക്കെല്ലാം കണ്ടെത്താൻ കഴിയുന്ന കുറെ ബന്ധങ്ങൾ ഈ സിനിമയിലുണ്ട്. വിവിധ ഭാഷകളിലെ അഭിനേതാക്കൾ ഒറ്റയുടെ ഭാഗമാണെങ്കിലും സിനിമ മൊഴിമാറ്റി മറ്റു ഭാഷകളിലേക്ക് എത്തിക്കുന്നില്ല. ഈ സിനിമയ്ക്ക് അതിന്റേതായ ആത്മാവുണ്ട്. അതുകൊണ്ട് സബ് ടൈറ്റിൽ ചെയ്താണു മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുക. എന്റെ ഭാഷ മലയാളമാണ്. പഠിച്ചതു മലയാളം മീഡിയത്തിലാണ്. സംവിധാനം ചെയ്യാൻ മൂന്നു സിനിമകളാണു മുന്നിലുണ്ടായിരുന്നത്. ഹിന്ദി സിനിമയും ഇന്റർനാഷനൽ പ്രോജക്ടുമായിരുന്നു മറ്റു രണ്ടും. എന്റെ ആളുകളോട് ആശയവിനിമയത്തിന് എളുപ്പമായതുകൊണ്ട് മലയാളമാണു തിരഞ്ഞെടുത്തത്.”