ടെല്‍ അവീവ്/അങ്കാറ: ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ 500 ഓളം പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്മായില്‍ ഹനിയയും, കൂട്ടരും താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിഷയത്തില്‍ അടുത്തിടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇസ്മായില്‍ ഖത്തറിലാണെന്നും കുടുംബത്തോടൊപ്പം ഏറെ നാളായി ദോഹയിലാണ് താമസമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ തുര്‍ക്കിയിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തുമ്പോള്‍ ഇസ്മയില് തുര്‍ക്കിയിലായിരുന്നു.
ഇസ്രയേലിനെ ആക്രമിക്കുമ്പോള്‍ ഇസ്താംബൂളിലുണ്ടായിരുന്ന ഇസ്മായില്‍ വാര്‍ത്തകള്‍ കാണുന്നതിനിടയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഗാസ മുനമ്പിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച ഇസ്മയില് ഹനിയ പഠനകാലത്ത് തന്നെ ഹമാസില്‍ ചേര്‍ന്നിരുന്നു.