ടെല്‍അവീവ്: ഇസ്രയേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ഇല്ലിനോയി സ്വദേശികളായ ജുഡിത് റയാന്‍ അവരുടെ 17-കാരിയായ മകള്‍ നതാലി റയാന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്.
ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുഡിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു
ജുഡിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് അവരെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. മോചനത്തിന് ശേഷം ജുഡിതിനേയും നതാലിയേയും യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ അറിയിച്ചു. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേസമയം, മകളുമായി താന്‍ സംസാരിച്ചതായി നതാലിയുടെ പിതാവ് പറഞ്ഞു. ഇദ്ദേഹം ഇല്ലിനോയിലിലാണുള്ളത്.
അമ്മ തമാറിന്‍െ്‌റ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനും നതാലിയുടെ ഹൈസ്‌കൂള്‍ ബിരുദദാനവുയി ബന്ധപ്പെട്ടുമാണ് ജുഡിത് ഇസ്രയേലിലെത്തിയത്. യുഎസിലേക്ക് തിരിച്ച് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കുറച്ച് ദിവസം കൂടി ഇസ്രയേലില്‍ തങ്ങാന്‍ തീരുമാനിച്ചു. ഇതിനിടെ ഒക്ടോബര്‍ ഏഴിന് ജുദിതിനേയും മകളേയും ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന കിബ്ബുട്സ് നഹാല്‍ ഓസില്‍ ഹമാസ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തമാറും പങ്കാളി യഹിയേലും വീട്ടിലെ സുരക്ഷിത മുറിയില്‍ ഒളിച്ചു. ഇവരെ പിന്നീട് ഇസ്രയേല്‍ പ്രതിരോധ സേന രക്ഷപ്പെടുത്തി. കിബ്ബുട്സ് നഹാലില്‍ നിന്ന് മറ്റ് എട്ട് കുടുംബങ്ങളെ കൂടെ കാണാതായിട്ടുണ്ട്. മൂന്ന് പേര്‍ ഇവിടെ കൊല്ലപ്പെടുകയും ചെയ്തു.