ന്യൂഡല്‍ഹി: രാജസ്ഥാനിലെ സിറ്റിങ് എംഎല്‍എമാരില്‍ മുപ്പതോളം പേര്‍ക്കു കോണ്‍ഗ്രസ് സീറ്റ് നല്‍കിയേക്കില്ല. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷത്തുള്ള മന്ത്രിമാരായ ശാന്തി ധരിവാള്‍, മഹേഷ് ജോഷി, പ്രമുഖ നേതാവ് ധര്‍മേന്ദ്ര റാഥോഡ് എന്നിവരാണു ഹിറ്റ്ലിസ്റ്റിലുള്ളത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗെലോട്ടിനെ നീക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയ നീക്കത്തെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നു പട നയിച്ചവരാണിവര്‍.
ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പു സമിതി 106 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചതായാണു വിവരം. പട്ടിക ഇന്നോ നാളെയോ പുറത്തിറക്കും. ബാക്കി സ്ഥാനാര്‍ഥികളെ മറ്റന്നാള്‍ തീരുമാനിക്കും. ഇതിനിടെ, ഛത്തീസ്ഗഡില്‍ 53 സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 30 പേരെ പ്രഖ്യാപിച്ചിരുന്നു. ബാക്കി 7 സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല.
അതേസമയം, മധ്യപ്രദേശില്‍ 22 സ്ഥാനാര്‍ഥികളെ കൂടി സമാജ്വാദി പാര്‍ട്ടി (എസ്പി) പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 9 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം പാളിയതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ എസ്പി തീരുമാനിച്ചത്.