FeatureNEWS

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എങ്ങനെയെത്താം ?

കൊല്ലൂർ മൂകാംബിക ക്ഷേത്രം.. മലയാളികൾ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന കർണ്ണാടകയിലെ ഈ ക്ഷേത്രം  പേരുകേട്ട തീർത്ഥാടന സ്ഥാനം കൂടിയാണ്. മലയാളികൾ എത്താത്ത ഒരു ദിവസം പോലും ഇവിടെ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിൽ നിന്ന് വരുന്നവർക്ക് നേരിട്ട് ബസിൽ ഇവിടെയെത്താം.കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും മൂകാംബികയിലേക്ക് സർവീസ് നടത്തുന്നുണ്ട്. രാവിലെ എത്തി ക്ഷേത്രദർശനം നടത്തി കുറച്ച് സമയം ചെലവഴിച്ച് തിരികെ അതേ ബസിൽ മടങ്ങാനും സാധിക്കും.
 ഇത് കൂടാതെ ട്രെയിനുകൾ വഴിയും ഇവിടെയെത്താം..ദൂരെനിന്നുള്ളവരും ബസ് യാത്ര ബുദ്ധിമുട്ടുള്ളവർക്കും ട്രെയിൻ തിരഞ്ഞെടുക്കാം.ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ബൈന്ദൂർ മൂകാംബിക റോഡ് സ്റ്റേഷൻ ആണ്. കേരളത്തിൽ നിന്നും നിരവധി ട്രെയിനുകൾ ബൈന്ദൂർ റോഡ് വഴി കടന്നുപോകുന്നു. ഇവിടെ നിന്നും മൂകാംബികയിലേക്ക് ബസിനോ അല്ലെങ്കിൽ ടാക്സിക്കോ വരേണ്ടി വരും.
ബൈന്ദൂരിൽ നിന്നും കൊല്ലൂരിലേക്ക് 28 കിലോമീറ്ററാണ് ദൂരം. ഇവിടുന്ന് കൊല്ലൂരിലേക്ക് കർണാടക  ആർടിസി ബസ്, സ്വകാര്യ ബസ്, ടാക്സികൾ, ഓട്ടോ എന്നിവ ലഭിക്കും. പരമാവധി 40 മിനിറ്റിൽ എത്തിച്ചേരാം. സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാൻഡ് എന്നറിയപ്പെടുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ് റെയില്‍വേ സ്റ്റേഷനു അടുത്തുള്ളത്. ധാരാളം സ്വകാര്യ ബസുകൾ ഇവിടുന്ന് ബൈന്ദൂർ-കൊല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ബൈന്ദൂർ-മൂകാംബിക ആദ്യ ബസ് രാവിലെ 6.30 നാണ് .
റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചധികം അകലെയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ്.

കൊല്ലൂർ താമസം

കൊല്ലൂർ മൂകാംബികയിലെ താമസം പ്രശ്നമുള്ള ഒരുകാര്യമല്ല. മൂകാംബികയിലെത്തിയാൽ താമസ സൗകര്യത്തിനായി ധാരാളം സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും ഉണ്ട്. അതോടൊപ്പം കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം നല്കുന്ന ക്ഷേത്രം വക ഗസ്റ്റ്ഹൗസുകളും ഇവിടെയുണ്ട്. കൂടുതൽ ആളുകളും ക്ഷേത്രം ഗസ്റ്റ് ഹൗസുകളാണ് തിരഞ്ഞെടുക്കുന്നത്. ഡോർമിറ്ററിയിൽ 10 രൂപാ മുതൽ താമസസൗകര്യം ലഭിക്കും. എസി, സിംഗിൾ എസി മുറികൾ, ഡീലക്സ്, എസി ഡീലക്സ്, എന്നിങ്ങനെ നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും അനുസരിച്ച് മുറി തിരഞ്ഞെടുക്കാം.

Back to top button
error: