‘വനിതാ അംഗം തന്റെ വൃഷ്ണം പിടിച്ച് ഞെരിച്ച് പരിക്കേല്‍പ്പിച്ചു’ എന്ന് കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ. ആരോപണം വ്യാജമെന്നും ജനപ്രതിനിധിയായ ഒരു സ്ത്രീയെ അവഹേളിക്കുകയും മോശക്കാരിയായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന് നിലവിലുള പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി. ഇരുവരും തമ്മിലുള ഈ വിഴുപ്പലക്കൽ മൂലം ജനങ്ങൾ സഹികെട്ടിരിക്കുന്നു. ഒടുവിൽ പഞ്ചായത് പ്രസിഡന്റും അംഗങ്ങളും ഈ സംഭവം വാര്‍ത്താസമ്മേളനത്തില്‍ വരെ വലിച്ചിഴച്ചു.
ജലനിധി അവലോകന യോഗത്തിൽ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെ ആക്രമിക്കുകയും വൃഷ്ണം പിടിച്ച് ഞെരിക്കുകയും ചെയ്തത്. സംഭവത്തില്‍ വനിതാ പഞ്ചായത്ത് അംഗം സിന്ധു ടോമി എന്ന ത്രേസ്യാമ്മ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രസിഡന്റ് ജോസഫ് മുത്തോലി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യോഗത്തിൽ അക്രമാസക്തനായ ജയിംസ് പന്തമാക്കല്‍ പ്രസിഡന്റിനെതിരെ ആക്രോശിച്ചു കൊണ്ട് കയ്യേറ്റം ചെയ്യാന്‍ പാഞ്ഞടുത്തു എന്നാണ് ഭരണകക്ഷിയുടെ ആരോപണം. വനിതാ അംഗങ്ങള്‍ ഇത് തടയുന്നതിനായി പ്രസിഡണ്ടിന് ചുറ്റും വലയം തീര്‍ത്തുവത്രേ. തുടര്‍ന്ന് വനിതാ അംഗങ്ങള്‍ക്ക് നേരെ തെറിയഭിഷേകം നടത്തിയ ജയിംസ് പന്തമാക്കല്‍ സിന്ധു ടോമിയുടെ ഷോള്‍ഡര്‍ ബാഗ് തോളില്‍നിന്നും വലിച്ചെടുത്ത് പ്രസിഡന്റിനു നേരെ എറിഞ്ഞു. ഇതിനിടെ സിന്ധു ടോമിയുടെ കൈ പിടിച്ചു തിരിക്കുകയും കയ്യേറ്റം ചെയ്യുകയും, മ്ലേച്ഛമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്രേ. എന്തായാലും പൊലീസ് സംരക്ഷണത്തിലാണ് പിന്നീട് യോഗം നടന്നത്. ഈ സംഘർഷത്തിനിടെ സിന്ധു ടോമി, ജയിംസ് പന്തമ്മാക്കിലിന്റെ വൃഷ്ണം പിടിച്ച് ഞെരിച്ചു എന്നാണ് ആരോപണം.
കഴിഞ്ഞ 10 വര്‍ഷമായി അനന്തമായി നീളുന്ന 33 കോടി രൂപയുടെ ജലനിധി പദ്ധതി സമ്പൂര്‍ണ പരാജയമെന്നും 2399 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ വിഭാവനം ചെയ്ത ഈ പദ്ധതിയിൽ കൊടിയ അഴിമതിയാണ് നടന്നതെന്നും ജോസഫ് മുത്തോലി ചൂണ്ടിക്കാട്ടുന്നു. ജയിംസ് പന്തമ്മാക്കൽ പ്രസിഡന്റായിരുന്ന കാലത്ത് കൊണ്ടുവന്നതാണ് ജലനിധി പദ്ധതി.
അതേസമയം പഞ്ചായത്ത് അംഗമായ സിന്ധു ടോമിയെ അവഹേളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിന് ജയിംസ് പന്തമ്മാക്കിലിന് എതിരെയും പോലീസ് കേസ് എടുത്തു.
അക്രമത്തില്‍ പരുക്കേറ്റ സിന്ധു ടോമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസ് ജയിംസിനെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് ജയിംസ് പന്തമാക്കലും ആശുപ്രതിയില്‍ അഡ്മിറ്റാകുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സി.പി.എം- കോൺഗ്രസ് സഖ്യത്തിൽ ഭരണം നടത്തുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിൽ തൊഴുത്തിൽ കുത്തും തമ്മിലടിയും പതിവാണ്. തന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കുന്നു എന്നും വികസനവുമായി ബന്ധപ്പെട്ട പോരാട്ടമാണ് നടന്നതെന്നും ജയിംസ് പന്തമ്മാക്കൽ ‘ന്യൂസ് ദെൻ’ പ്രതിനിധിയോടു പറഞ്ഞു.