IndiaNEWS

ഇന്ദ്രന്‍സും അല്ലു അര്‍ജുനും ആലിയ ഭട്ടും ബഹുമതികള്‍ ഏറ്റുവാങ്ങി, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

    ന്യുഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമ തിളക്കമാര്‍ന്ന നേട്ടമാണ് കൊയ്തത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.  ‘മിമി’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ കൃതി സനോണും  ‘ഗംഗുഭായ് കത്തിയാവാഡി’യിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും മികച്ച നടിമാർക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രം റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. ‘ഹോം’ സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സ് എറ്റുവാങ്ങി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളിയായ ശാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി.

നോണ്‍ ഫീചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രമായി ‘മൂന്നാം വളവ്’ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിര്‍മ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദ്രൗപതി മുര്‍മുവില്‍ നിന്ന് ഗോകുലം ഗോപാലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

നോണ്‍ ഫീചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.

സമഗ്ര സംഭാവനയ്ക്കുള്ള ‘ദാദാ സാഹിബ് ഫാല്‍ക്കെ’ പുരസ്‌കാരം നടി വഹീദ റഹ്മാന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു.

Back to top button
error: