എറണാകുളം: പള്ളിപ്പെരുന്നാളിനിടെ ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടന്നതായി ആരോപണം. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെയാണു ദലിത് യുവാവിന് പള്ളിമുറ്റത്ത് മര്‍ദനമേറ്റത്. സംഭവത്തില്‍ കേസ് പിന്‍വലിപ്പിക്കാന്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സമ്മര്‍ദമുണ്ടായിരുന്നതായി മര്‍ദനമേറ്റ ബിനോയിയുടെ മാതാവ് ആരോപിച്ചു.
കോതമംഗലം നഗരസഭാ കൗണ്‍സിലര്‍ ബിന്‍സി തങ്കച്ചനും ഭര്‍ത്താവ് സിജുവും ചേര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്ന ആവശ്യമായി സമീപിച്ചതെന്നാണ് ആരോപണം. കേസ് പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് കൗണ്‍സിലറുടെ ഭര്‍ത്താവ് സിജു പറഞ്ഞതായും ബിനോയിയുടെ അമ്മ അമ്മിണി പറയുന്നു. അതേസമയം, ബിനോയിയുടെ കുടുംബത്തിന്റെ ആരോപണം ബിന്‍സി തങ്കച്ചന്‍ തള്ളി.
സംഭവം നടന്ന കോതമംഗലം ചെറിയ പള്ളി മുറ്റത്തുവച്ചായിരുന്നു കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നത്. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ തയാറല്ലെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.
കോതമംഗലം സ്വദേശി ബിനോയ്ക്കുനേരെ എല്‍ദോ മാര്‍ ബസേലിയോസ് പള്ളിയുടെ മുറ്റത്തുവച്ചാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിനായിരുന്നു സുരക്ഷാ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് ചികിത്സയിലാണുള്ളത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്.