NEWSWorld

”അവരെന്നെ നന്നായി പരിപാലിക്കുന്നുണ്ട്”… ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെല്‍ അവിവ്: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 21 വയസുകാരിയായ മിയ സ്‌കീം എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയുടെ വീഡിയോയാണ് ഹമാസ് സൈനിക വിഭാഗമായ ഇസ് അദ്-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് തിങ്കളാഴ്ച പുറത്തുവിട്ടത്.

വീഡിയോയില്‍ യുവതിയുടെ കൈ ബാന്‍ഡേജില്‍ പൊതിഞ്ഞ നിലയിലാണ്. ഒക്ടോബര്‍ ഏഴിനാണ് മിയയെ ഹമാസ് ബന്ദിയാക്കിയത്. ഗാസ അതിര്‍ത്തിക്കടുത്തുള്ള ചെറിയ ഇസ്രായേലി നഗരമായ സ്ഡെറോറ്റില്‍ നിന്നുള്ളയാളാണെന്ന് മിയ വീഡിയോയില്‍ പറയുന്നുണ്ട്. കിബ്ബട്ട്സ് റെയിമിലെ സൂപ്പര്‍നോവ സുക്കോട്ട് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്. ഈ ആക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും മിയ ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കുകയും ചെയ്തു.”അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്…ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓക്കെയാണ്. എത്രയും വേഗം എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വിടാനും വേഗം വീട്ടിലേക്ക് പോകാനും അനുവദിക്കണമെന്ന് മാത്രമേ ഞാന്‍ ആവശ്യപ്പെടൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക” – ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മിയ പറയുന്നു.

Signature-ad

കഴിഞ്ഞയാഴ്ച മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ മിയയുടെ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. ”ഹമാസ് പുറത്തുവിട്ട വീഡിയോയില്‍ അവര്‍ തങ്ങളെ മനുഷ്യത്വമുള്ളവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, അവര്‍ ശിശുക്കളെയും കുട്ടികളെയും പുരുഷന്മാരെയും സ്ത്രീകളെയും വൃദ്ധരെയും കൊലപ്പെടുത്തുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും ഉത്തരവാദികളായ ഒരു ഭീകരമായ തീവ്രവാദ സംഘടനയാണ്. മിയ ഉള്‍പ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്” ഐഡിഎഫ് എക്‌സില്‍ കുറിച്ചു.

മിയയെ സുരക്ഷിതമായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍-ഫ്രഞ്ച് പൗരത്വമുള്ളയാളാണ് മിയ. അവരുടെ ബന്ധുക്കളെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഫ്രാന്‍സ് പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണിനോട് അഭ്യര്‍ത്ഥിച്ച ഫ്രഞ്ച് കുടുംബങ്ങളില്‍ മിയയുടെ കുടുംബവും ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: