KeralaNEWS

മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചു; പരാതിയുമായി എസ്.ഡി.പി.ഐ അംഗം

കാസര്‍കോട്: മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചെന്ന് പരാതി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗമായിരുന്ന വി.ആര്‍ ദീക്ഷിത് ആണ് പരാതിയുമായി രംഗത്തെത്തിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതിയധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്.

പഞ്ചായത്തിലെ ഏക എസ്.ഡി.പി.ഐ അംഗമാണ് വി.ആര്‍ ദീക്ഷിത്ത്. ഇദ്ദേഹം രാജിവെച്ചത് വാര്‍ത്തയായതിനു പിന്നാലെയാണു പരാതിയുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ അംഗം രാജിക്കത്ത് നല്‍കിയതായും രാജി സ്വീകരിച്ച് വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായും കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദീക്ഷിത്ത് പരാതിയുമായി രംഗത്തെത്തിയത്.

Signature-ad

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിടിച്ചെടുക്കുകയായിരുന്നു. 305 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സംവരണ വാര്‍ഡില്‍ ദീക്ഷിത്തിന്റെ വിജയം.

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന വാര്‍ഡ് കഴിഞ്ഞ തവണ ലീഗ് ഏറ്റെടുക്കുകയായിരുന്നു. ഏറെ സ്വാധീനമുള്ള വാര്‍ഡില്‍ വിജയിച്ചശേഷം ലീഗ് തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി ദീക്ഷിത് പറയുന്നു. മുസ്ലിം ലീഗ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

പട്ടിക ജാതിക്കാരനായ അംഗത്തിനെതിരെ ജാതിയധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ദീക്ഷിത്തിന്റെ രാജിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

Back to top button
error: