IndiaNEWS

എന്‍ഡിഎയിലേക്കില്ലെന്ന് സിഎം ഇബ്രാഹിം; ജെഡിഎസ് പിളര്‍പ്പിലേക്ക്?

ബംഗളുരു: ബിജെപിയുമായി സഖ്യം ചേരാനുള്ള ജനതാദള്‍ സെക്യൂലറിന്റെ തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം. ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ജെഡിഎസ് ചേരില്ലെന്ന് പാര്‍ട്ടിയുടെ കര്‍ണാടക പ്രസിഡന്‍്‌റ് സിഎം ഇബ്രാഹിം.

തന്റെ ഭാഗത്തുള്ളവരാണ് ‘യഥാര്‍ത്ഥ ജെഡിഎസ്’ എന്ന പ്രസ്താവനയാണ് സിഎം ഇബ്രാഹിമിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് എന്നതിനാല്‍ പിളര്‍പ്പിനുള്ള സാധ്യത നിരീക്ഷിക്കപ്പെടുന്നുണ്ട്. സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ താനാണ് എന്‍ഡിഎയോട് സഖ്യം വേണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎയുമായി സഖ്യം ചേരരുതെന്നും ഇതര സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ വിട്ടുപോകുകയാണെന്നും ഇബ്രാഹിം ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവെഗൗഡയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഈ പ്രതിസന്ധിയുണ്ട്. ഇക്കാര്യം ദേവെഗൗഡയെ നേരിട്ട് ബോധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സിഎം ഇബ്രാഹിം. ഇതിനായി കോര്‍ കമ്മറ്റി രൂപീകരിക്കും. ഈ സമിതിയംഗങ്ങള്‍ ദേവെഗൗഡയെ കാണുകയും തങ്ങളുടെ തീരുമാനം അറിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യത്തിലുള്ള ജെഡിഎസ് സാരമായ പ്രതിസന്ധിയെ നേരിടുന്നുണ്ട്. മന്ത്രിപദവിയുള്ള ജെഡിഎസ്സിന് പ്രശ്‌നം ഇപ്പോഴും പരിഹരിക്കാനായിട്ടില്ല. ജെഡിഎസ് കേരളത്തില്‍ സ്വതന്ത്രമായി തുടരുമെന്ന നിലപാടാണ് നിലവില്‍ പാര്‍ട്ടി എടുത്തിരിക്കുന്നത്. ഇബ്രാഹിം തന്നോട് യോജിപ്പുള്ള നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ജെഡിഎസ് പിളരുകയാണെങ്കില്‍ കേരളത്തിലെ ജെഡിഎസ്സിന് അതൊരു പോംവഴിയായി മാറും.

തന്റെ കൂടെയുള്ള ജെഡിഎസ് വിഭാഗമാണ് മതേതരമെന്ന് സിഎം ഇബ്രാഹിം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ജെഡിഎസ് തന്റെ കൂടെയാണ്. ദേവെഗൗഡയും കുമാരസ്വാമിയും ബിജെപിക്കൊപ്പം പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോകാം. സംസ്ഥാന പ്രസിഡന്റ്് എന്ന നിലയില്‍ തന്റെ തീരുമാനം പോകരുതെന്നാണ്. അതാണ് പാര്‍ട്ടിയുടെയും തീരുമാനം. എംഎല്‍എമാര്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. നിരവധി എംഎല്‍എമാര്‍ താനുമായി ബന്ധപ്പെടുന്നുണ്ട്. ആരുടെയും പേര് താന്‍ പുറത്തുപറയുന്നില്ല. പറഞ്ഞാല്‍ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം വരും. ഓരോ എംഎല്‍എമാരെയും താന്‍ നേരില്‍ക്കണ്ട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Back to top button
error: