CrimeNEWS

ആന്റി ക്ലൈമാക്‌സുമായി ‘ഹരികൃഷ്ണന്‍സ്’ റീലോഡഡ്; ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്നു

അഹമ്മദാബാദ്: പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 18-കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ വേദാന്ത് രാജയാണ് സുഹൃത്തായ സ്വപ്നില്‍ പ്രജാപതി(22)യെ കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം കാറില്‍ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതിയായ വേദാന്ത് രാജ കാറില്‍ അഹമ്മദാബാദ് സോലാ പോലീസ് സ്റ്റേഷനിലെത്തിയത്. തന്റെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടെന്നും കാറിനുള്ളില്‍ ഒരു മൃതദേഹം ഉണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇതോടെ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വാഹനം പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ ചോരയില്‍കുളിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടത്.

Signature-ad

കൊലപ്പെടുത്തിയത് സുഹൃത്തായ സ്വപ്നിലിനെയാണെന്നും പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം സ്വപ്നിലിന്റെ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ന്യൂസിലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ മകനും നഗരത്തിലെ പ്രമുഖ സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുമാണ് പ്രതിയായ വേദാന്ത്. കൊല്ലപ്പെട്ട സ്വപ്നില്‍ ഛാന്ദ്ലോഡിയയിലാണ് താമസം. നേരത്തെ സ്വകാര്യ മെഡിക്കല്‍ ലാബില്‍ ജോലിചെയ്തിരുന്ന സ്വപ്നില്‍ രണ്ടുമാസത്തോളമായി ജോലിക്കൊന്നും പോയിരുന്നില്ല.

കൊല്ലപ്പെട്ട സ്വപ്നിലും പ്രതി വേദാന്തും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചതെന്നും ഇതുസംബന്ധിച്ച് ദീര്‍ഘനാളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം. ശനിയാഴ്ച വൈകിട്ട് പ്രതി സുഹൃത്തിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. വിശ്വകര്‍മ പാലത്തിന് സമീപം കാണാമെന്നായിരുന്നു ഫോണ്‍സന്ദേശം. ഇതനുസരിച്ച് സ്ഥലത്തെത്തിയ സ്വപ്നിലിനെ പ്രതി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള എട്ടുമുറിവുകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാറിന്റെ സീറ്റില്‍ മുഖം താഴ്ന്നിരിക്കുന്നനിലയിലാണ് ചോരയില്‍കുളിച്ച മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം, ശനിയാഴ്ച വൈകിട്ടോടെയാണ് സ്വപ്നില്‍ വീട്ടില്‍നിന്ന് പുറത്തുപോയതെന്ന് പിതാവ് ഹസ്മുഖ് പ്രജാപതി പ്രതികരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും മകന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനിടെ രാത്രി എട്ടുമണിയോടെ മകനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എവിടെയാണെന്ന് അവന്‍ പറഞ്ഞിരുന്നില്ല. പിന്നീട് ഞായറാഴ്ച രാവിലെ പോലീസ് സംഘം പ്രതിയുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നതെന്നും സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ ഹസ്മുഖ് പറഞ്ഞു.

 

Back to top button
error: