വാഷിങ്ടണ്‍: ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്.
എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല. അതേസമയം ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്റെ നിയമം അനുസരിച്ചു തന്നെയാകും ഇസ്രയേല്‍ മുന്നോട്ടുപോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന്‍ വ്യക്തമാക്കി.
യുദ്ധത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ ഇസ്രയേല്‍ കടുത്ത ജാഗ്രത കാണിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു. ഹമാസ് ഒരു കൂട്ടം ഭീരുക്കളാണ്. ജനങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ടാണ് അവര്‍ യുദ്ധം നടത്തുന്നത്. അതേസമയം പലസ്തീന്‍ അതോറിറ്റി നിലനില്‍ക്കണം. പലസ്തീന്‍ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് അടുത്തുതന്നെ ഇസ്രയേല്‍ സന്ദര്‍ശിച്ചേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. എന്നാല്‍ ബൈഡന്റെ സന്ദര്‍ശനം സംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഹമാസിനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.