KeralaNEWS

വെള്ളക്കെട്ടിൽ കുടുങ്ങിയ ‘2018’ ന്റെ തിരക്കഥാകൃത്ത് അഖിൽ പി ധർമജനു പാമ്പു കടിയേറ്റു: അനന്തപുരി മുങ്ങി, അടുത്ത 5 ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത

  കേരളത്തെ മുക്കിയ  മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖിൽ പി ധർമജനും വെള്ളക്കെട്ടിൽ കുടുങ്ങി. അതിനിടെ അദ്ദേഹത്തിന് പാമ്പു കടിയേൽക്കുകയും ചെയ്തു.

പുതിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതാനാണ് അഖിൽ വെള്ളായണിയിൽ എത്തിയത്. പുലർച്ചെ 4 മണിയോടെ വീട്ടിലേക്ക് വെള്ളം ഇരച്ചു കയറി. തുടർന്ന് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പു കടിച്ചത്. മൂർഖനാണ് കടിച്ചത്, വെള്ളത്തില്‍ വച്ചായതിനാല്‍ മരകമായില്ല. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അഖിൽ. സോഷ്യൽ മീഡിയയിലൂടെ അഖിൽ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.

Signature-ad

കെഎസ്ഇബിക്കെതിരെ അഖിൽ രൂക്ഷ വിമർശനവും ഉന്നയിച്ചു. വെള്ളത്തിലൂടെ കറന്റ് പാസ് ചെയ്യുന്ന വിവരം കെഎസ്ഇബിയെ വിളിച്ചറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

  ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം നഗര പ്രദേശങ്ങളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. എയര്‍പോര്‍ട്ട് പ്രദേശത്ത് 211 മില്ലിമീറ്ററും നഗരപ്രദേശങ്ങളില്‍ 118 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മഴ മുന്നറിയിപ്പ് ദിവസങ്ങളെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രമായി പെയ്ത മഴയെ തുടര്‍ന്നാണ് വെള്ളക്കെട്ടുണ്ടായത്. കൂടാതെ സമുദ്രജലനിരപ്പ് ഉയര്‍ന്നതിനാല്‍ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും ജലാശങ്ങള്‍ നിറയുന്നതിന് കാരണമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസങ്ങളിലായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് ജാഗ്രതകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.

Back to top button
error: