അഹമ്മദാബാദ്: ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഔട്ടായി പവലിയനിലേക്ക് പോകുന്ന പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി കാണികള്‍. ശനിയാഴ്ച നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സംഭവം. ജയ് ശ്രീരാം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാണികളോട് റിസ്വാന്‍ പ്രതികരിച്ചില്ല.
49 റണ്‍സാണ് മത്സരത്തില്‍ റിസ്വാന്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ചേര്‍ന്ന് പാക് ഇന്നിങ്സ് പടുത്തുയര്‍ത്തിയ റിസ്വാന്‍ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും ബുംറയുടെ വേഗം കുറഞ്ഞ പന്തില്‍ വീണു. ബാബര്‍ ഒഴികെ മറ്റു ബാറ്റ്സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന മത്സരത്തില്‍ 191 റണ്‍സാണ് പാകിസ്താന്‍ അടിച്ചെടുത്തത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.
ബാറ്റര്‍മാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പിന്നീട് പ്രതികരിച്ചു. 280-290 ടോട്ടലായിരുന്നു ലക്ഷ്യം. നന്നായി തുടങ്ങുകയും ചെയ്തു. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നു. പൊരുതാനുള്ള ടോട്ടലായിരുന്നില്ല തങ്ങളുടേത്- ബാബര്‍ പറഞ്ഞു. രോഹിതിന്റേത് മികച്ച ഇന്നിങ്സ് ആയിരുന്നെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. 63 പന്തില്‍നിന്ന് 86 റണ്‍സെടുത്ത രോഹിത് ആയിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുന്തൂണ്‍.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാന്‍ ഒന്നേകാല്‍ ലക്ഷം പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. 132000 ഇരിപ്പിട ശേഷിയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിനുള്ളത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവും ഇന്നലത്തേതായിരുന്നു.