പാലക്കാട്: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പാലക്കാട് ചിറ്റൂരില്‍ വായ്പകള്‍ നല്‍കുന്നത്. ലോണ്‍ എടുക്കുന്നവര്‍ക്ക് ഇത് തിരിച്ചടക്കാന്‍ സാധിക്കുമോ എന്നത് ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിക്കാറില്ല. ഭീമമായ പലിശയും ഈടാക്കും. ആരും ചോദ്യം ചെയ്യില്ലെന്ന ഉറപ്പാണ് ഈ സ്ഥാപനങ്ങള്‍ക്ക് വളമാകുന്നത്.
ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും എത്തുന്ന ഏജന്റുകള്‍ പലിശ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കില്ല. 30000 രൂപ വായ്പ എടുത്ത ഒരു സംഘത്തിനോട് പലിശയിനത്തില്‍ മാത്രം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടത് 15000 രൂപയാണ്. പലിശ മാത്രം 50 ശതമാനം. ഗ്രൂപ്പ് ലയബിലിറ്റി എന്ന പേരില്‍ ഒരു സംഘത്തിനാണ് വായ്പ നല്‍കുക. സംഘത്തിലെ ഒരാള്‍ പോലും അടവ് മുടക്കിയാല്‍ മറ്റെല്ലാവരെയും ഇത് ബാധിക്കും.
ആര്‍.ബി.ഐ മാനദണ്ഡം അനുസരിച്ച് ഒരാള്‍ക്ക് രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 1.25 ലക്ഷം രൂപ മാത്രമെ വായ്പ നല്‍കാന്‍ സാധിക്കു. ഇവിടെ ഒരാള്‍ക്ക് ഏഴും എട്ടും ലോണുകളാണുള്ളത്. ഒരു ലോണടക്കാന്‍ മറ്റൊരു സ്ഥാപനത്തെ ആശ്രയിച്ചാണ് ഇവര്‍ ലോണുകളുടെ ചുഴിയില്‍ അകപ്പെടുന്നത്. ആഴ്ചയില്‍ 17000 രൂപ അടക്കേണ്ട സ്ഥിതിയിലേക്കെത്തിയ കുടുബവും ചിറ്റൂരിലുണ്ട്.