മുംബൈ: പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് മലയാളത്തിന്‍െ്‌റ പ്രിയതാരം ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാന്‍ ഇന്ത്യന്‍ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്‌നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയില്‍ ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്.
ജയറാമിന്റെ ശബ്ദാനുകരണം കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വീഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോള്‍ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു.
ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ‘ഗോസ്റ്റ്’. എം.ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ‘ജയിലറി’ല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധനേടിയ നരസിംഹ എന്ന കഥാപാത്രത്തെ വൈറലാക്കിയ ശിവരാജ് കുമാറിന്റെ അടുത്ത റിലീസ് എന്ന പ്രത്യേകതയും ഗോസ്റ്റിനുണ്ട്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാല്‍ ഗാഡയുടെ പെന്‍ മൂവീസ് ആണ്. കന്നഡയില്‍ നിന്നുള്ള ഒരു ചിത്രത്തിന്റെ റൈറ്റ്‌സ് പെന്‍ മൂവീസ് ആദ്യമായാണ് വാങ്ങുന്നത്. ജയറാം, അനുപം ഖേര്‍, പ്രശാന്ത് നാരായണന്‍ എന്നിവരാണ് ഗോസ്റ്റിലെ മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യും.