ഊട്ടിയുടെ മനോഹരമായ ഫ്രെയിമുകളിലെല്ലാം തലയെടുപ്പോടെ നിൽക്കുന്ന ഒരു പുകവണ്ടി കാണാം.സൂപ്പർഹിറ്റ് മലയാള ചിത്രമായ കിലുക്കത്തിന്റ തുടക്കത്തിൽ പുകതുപ്പി ഓടിവരുന്ന അതേ തീവണ്ടി.ഷാരൂഖ് ഖാന്റെ ‘ദിൽസേ’ എന്ന ചിത്രത്തിലെ ‘ഛയ്യ ഛയ്യ…’ എന്ന ഗാനത്തെ ആകർഷമാക്കിയതിലും പ്രധാനപങ്ക് ഈ തീവണ്ടിക്കാണ്.
കാലത്തിനൊത്ത് നാടിന്റെയും നാട്ടുകാരുടേയും രൂപഭാവങ്ങൾ മാറി. പരിഷ്കാരങ്ങൾ യാത്രകളുടേയും ജീവിതത്തിന്റെയും വേഗം കൂട്ടി. എന്നാൽ, ഇപ്പോഴും 115 വർഷങ്ങൾക്ക് അപ്പുറത്താണ് ഈ തീവണ്ടി.അതേ 115 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഊട്ടിയിലെ ഈ കൽക്കരി തീവണ്ടി.
കോയമ്പത്തൂരിനടുത്തെ മേട്ടുപ്പാളയം മുതൽ ഊട്ടി എന്ന ഉദഗമണ്ഡലം വരെയാണ് ഈ ട്രെയിനിന്റെ സർവീസ്. 45.88 കിലോമീറ്റർ ദൂരം. യാത്ര പൂർത്തിയാക്കാൻ വേണ്ടത് മൂന്നര മുതൽ നാലര മണിക്കൂർ വരെ. ശരാശരി 10കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളും കടന്നാണ് ഈ കുഞ്ഞുതീവണ്ടിയുടെ വലിയ യാത്ര.
2203 മീറ്റർ ഉയരത്തിലുളള ഊട്ടിയേയും 326 മീറ്റർ ഉയരത്തിലുളള മേട്ടുപ്പാളയത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ യാത്ര നീലഗിരിയുടെ മനോഹാരിത മുഴുവൻ കണ്ടാസ്വദിക്കാനുളള അവസരം കൂടിയാണ്.
ഉദഗമണ്ഡലം (ഊട്ടി), ലവ് ഡേൽ, വെല്ലിങ്ടൺ, അറവൻകാട് കുനൂർ, മേട്ടുപ്പാളയം എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. ഈ യാത്രയെ മൂന്ന് ഭാഗമാക്കി തിരിക്കാം. മേട്ടുപ്പാളയം മുതൽ കല്ലാർ വരെയുളള ഭാഗം സമതലപ്രദേശമാണ്. ഇവിടെ തീവണ്ടിയുടെ പരമാവധി വേഗം 30 കിലോമീറ്റർ വരെയാണ്. ഇവിടം കഴിയുന്നതോടെ സമതലങ്ങൾ പിന്നിട്ട് നമ്മൾ വനമേഖലയിലേക്ക് കടക്കുന്നു. കല്ലാർ മുതൽ കുനൂർ വരെ പതിമൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ ഭാഗത്ത് 208 വളവുകളും 13 തുരങ്കങ്ങളുമുണ്ട്. ഈ ചെറിയ ദൂരം കൊണ്ട് നമ്മൾ 1721 മീറ്റർ മുകളിലെത്തും.കുനൂർ മുതൽ ഊട്ടി വരെ 18 കിലോമീറ്ററാണ്. തേയിലത്തോട്ടങ്ങളും പൈൻ തോട്ടങ്ങളുമൊക്കെയുളള ഭൂപ്രദേശം മലയോരത്തിന്റെ മനോഹാരിത കാട്ടിത്തരുന്നു. മൂന്ന് ടണലുകൾ ഈ ഭാഗത്തുണ്ട്.
യുനെസ്കെയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സർവീസ്. അത്ര എളുപ്പമല്ല ഈ ട്രെയിനിലെ യാത്ര തരപ്പെടാൻ. പലപ്പോഴും മാസങ്ങൾക്ക് മുൻപേ തന്നെ ടൂറിസ്റ്റുകൾ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തിരിക്കും. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹൗസ് ഫുൾ.
രണ്ട് തരത്തിലാണ് ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടുക. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ സാധാരണ ടിക്കറ്റ് എടുക്കുന്ന രീതിയിൽ എടുക്കാം.കുറച്ച് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും കിട്ടും.അതിന് നേരത്തെ പോയി ക്യൂ നിൽക്കേണ്ടി വരും.
രണ്ടാമത്തെ മാർഗം ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റ് www.irctc.co.in വഴി നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക എന്നതാണ്.