ഉള്ളിലെ ഉത്കണ്ഠയും വിഷാദവും ഒളിച്ചു വയ്ക്കരുത്, പങ്കുവെച്ചാൽ സമ്മര്‍ദ്ദങ്ങള്‍ ലഘുകരിക്കപ്പെടും
വെളിച്ചം
ഒരു ദിവസം അച്ഛനും മകനും തടാകത്തിനരികിലൂടെ നടക്കുകയായിരുന്നു. ശാന്തമായ ജലാശയത്തിനു മുകളില്‍ ചെറിയ ഓളങ്ങളെപോലും പരിമിതപ്പെടുത്തി മനോഹരമായി ഒഴുകിനീങ്ങുന്ന താറാവുകളെ കണ്ടപ്പോള്‍ മകന്‍ പറഞ്ഞു:
“എത്ര ആയാസരഹിതമായാണ് അവ വെളളത്തിലൂടെ ഒഴുകി നീങ്ങുന്നത്. നമ്മുടെ ജീവിതവും ഇതു പോലെ ആയാസരഹിതമാണെങ്കില്‍ എത്ര നല്ലതായേനെ…”
അച്ഛന്‍ മകനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു:
“താറാവുകള്‍ വെള്ളത്തില്‍ ഒഴുകി നീങ്ങുന്നതായാണ് നമുക്ക് കാണുമ്പോള്‍ തോന്നുക. എന്നാല്‍ സത്യമതല്ല, ശാന്തമായി വെള്ളത്തിലൂടെ ഒഴുകി നീങ്ങാന്‍ അവ വെള്ളത്തിനടിയില്‍ കാലുകൊണ്ട് ശക്തമായി തുഴയുന്നുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് തുഴഞ്ഞെങ്കിലേ അവയ്ക്ക് ഒഴുകി നീങ്ങാന്‍ കഴിയൂ…”
പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം, ശാന്തം ഭദ്രം. പക്ഷേ, ഈ ശാന്തമുഖത്തിന് പിന്നിലെ കാണാമറയത്ത് കഠിനപ്രയത്‌നമുണ്ട്.
ഇത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ ഓരോ മനുഷ്യജീവിത്തിലുമുണ്ട്. ജീവിതത്തിലെ കൊടിയ വെല്ലുവിളികള്‍ പിരിമുറുക്കത്തിലിരുന്നു നേരിടുമ്പോഴും. സമചിത്തത പുലര്‍ത്തി ശാന്തമുഖം നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും.
ഇങ്ങനെ കൃത്രിമമുഖം ബോധപൂര്‍വ്വം കാട്ടുമ്പോള്‍ , യാഥാര്‍ത്ഥ ഉത്കണ്ഠയും വിഷാദവും ഉള്ളില്‍ നിറയും. ദീര്‍ഘകാലം ഈ രീതി പിന്തുടര്‍ന്നാല്‍ അത് വിഷാദരോഗത്തിന് വഴിമാറുകയും ചെയ്യും.
സമ്മര്‍ദ്ദം തരണം ചെയ്യാന്‍ എല്ലാം ഒതുക്കി വെച്ച് കഷ്ടപ്പെടുകയല്ല ചെയ്യേണ്ടത്. പങ്കുവെക്കപ്പെടലുകളാണ് ഏറ്റവും യോജ്യമായ രീതി. പങ്കുവെയ്ക്കപ്പെടുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞ് പോകുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രയത്‌നത്തിലായാലും വിശ്രമത്തിലായാലും ജീവിത്തില്‍ സത്യസന്ധത പുലര്‍ത്തുക. വെച്ചുകെട്ടലുകളെ നമുക്ക് ഒഴിവാക്കാം. അപ്പോള്‍ ജീവിതം കൂടുതല്‍ സുഖകരമാകും. സത്യസന്ധതയെ ഏററവും മികച്ച നയമായി സ്വീകരിക്കാന്‍ ഏവർക്കും സാധിക്കട്ടെ.
ശുഭദിനം.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ