ജനുവരി പകുതിയോടെ തിരുവനന്തപുരം മെട്രോയുടെ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ നിര്‍മിച്ച കമ്ബനിയായ ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. കേന്ദ്രത്തിന്റെ പച്ചക്കൊടി കൂടി കിട്ടിയാല്‍ പദ്ധതി യാഥാര്‍ഥ്യമാകും.
ഇടത്തരം മെട്രോ മാതൃകയാണ് തിരുവനന്തപുരത്തിന് ചേരുന്നതെന്ന് കെഎംആര്‍എല്‍ നിയോഗിച്ച അര്‍ബൻ മാസ് ട്രാൻസിസ്റ്റ് കമ്ബനി കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ നിര്‍ദേശിച്ചിരുന്ന ലൈറ്റ് മെട്രോയിലേത് പോലെ രണ്ട് ഇടനാഴികള്‍ ഉള്‍പ്പെടുന്ന അലൈൻമെൻറാകും പുതിയ മെട്രോയിലുമുള്ളത്.
27.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഇടനാഴി പള്ളിപ്പുറം ടെക്നോസിറ്റിയില്‍ നിന്നാരംഭിച്ച് കരമന, നേമം വഴി പള്ളിച്ചല്‍ വരെ എത്തും. 14.7 കിലോമീറ്ററില്‍ കഴക്കൂട്ടത്ത് നിന്ന് ഈഞ്ചക്കല്‍ വഴി കിള്ളിപ്പാലം വരെയാണ് രണ്ടാം ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. കരമന മുതല്‍ പള്ളിപ്പുറം ടെക്നോസിറ്റി വരെയുള്ള നിര്‍ദ്ദിഷ്ട മെട്രോപാത ടെക്നോപാര്‍ക്ക്, ലുലുമാള്‍,വിമാനത്താവളം വഴിയാക്കുന്ന സാധ്യതയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
വിമാനത്താവളവും ടെക്നോപാര്‍ക്കും ഉള്‍പ്പെടുന്നതോടെ പദ്ധതി ലാഭകരമാവുമെന്നാണ് വിലയിരുത്തല്‍. ടെക്കികളടക്കം പ്രതിദിനം ഒന്നരലക്ഷം പേര്‍ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. വിമാനത്താവളവും ടെക്നോപാര്‍ക്കും കൂടി ഉള്‍പ്പെടുത്തി പുതിയ റൂട്ട് വരുന്നതോടെ, തലസ്ഥാനവും കൊച്ചിയിലെപ്പോലെ മെട്രോ യാത്രാ സംസ്‌കാരത്തിലേക്ക് എത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
തിരുവനന്തപുരത്ത് പള്ളിപ്പുറം മുതല്‍ കരമന വരെയുള്ള 21.8 കിലോമീറ്ററിന് 4,673 കോടി രൂപയാണ് ചെലവ്. ഭാവിയില്‍ വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാനാവുന്ന രീതിയിലായിരിക്കും പദ്ധതി.