KeralaNEWS

പലിശയില്ലാത്ത സ്വർണവായ്പ വാഗ്ദാനം ചെയ്ത് 150  കോടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു: കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ 100 കണക്കിനാളുകൾ ചതിക്കപ്പെട്ടു: തട്ടിപ്പ് ഇങ്ങനെ

   പലിശയില്ലാത്ത സ്വർണവായ്പ വാഗ്ദാനം ചെയ്ത് കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകളിലും നടന്ന തട്ടിപ്പിനു പിന്നിൽ തലശേരി കേന്ദ്രീകരിച്ചുള്ള സംഘം. കഴിഞ്ഞ  3 വർഷത്തിനിടെ ഇവർ നടത്തിയ തട്ടിപ്പിൽ നൂറു കണക്കിനാളുകൾ ചതിക്കപ്പെട്ടതായും 150 കോടി  രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും വിവരമുണ്ട്.

പാനൂർ, പിണറായി, ധർമടം, തലശേരി, എടക്കാട്, പേരാവൂർ, കണ്ണൂർ സിറ്റി, വളപട്ടണം, അഴീക്കോട് എന്നിവിടങ്ങളിലെ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതിൽ കുടുതലും സ്ത്രീകളാണ്. മറ്റുള്ളവരുടെ സ്വർണം പണയം വയ്ക്കാനായി വാങ്ങിയവരും കുടുങ്ങിയിട്ടുണ്ട്. ഇതുവരെ കേസെടുത്തിട്ടുള്ളത് എടക്കാട് മാത്രമാണ്.

Signature-ad

കണ്ണൂർ ജില്ലയിൽ മാത്രം തട്ടിപ്പിൽ 100 കോടി രൂപയിലേറെ വിലവരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. എടക്കാട് ലഭിച്ച പരാതികൾ പ്രകാരം മാത്രം നഷ്ടപ്പെട്ട ആഭരണങ്ങൾ 100 പവന് അടുത്തു വരും. കണ്ണൂർ സിറ്റിയിൽ പലർക്കായി ഒരു കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസം എടക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിയവരിൽ 50 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടവരുണ്ട്. പക്ഷേ പരാതി നൽകിയിട്ടില്ലെന്നാണു വിവരം. വീടു നിർമാണത്തിനു വേണ്ടി പണയം വയ്ക്കാൻ അയൽപക്കക്കാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും കടം വാങ്ങിയ സ്വർണാഭരണങ്ങളാണ് അഴീക്കൽ സ്വദേശിയായ വനിതയ്ക്കു നഷ്ടപ്പെട്ടത്.

കുറ്റിക്കകം ഭാഗത്തുള്ള പലർക്കായി നഷ്ടപ്പെട്ടത് 500 പവനിൽ അധികം വരുന്ന ആഭരണങ്ങളാണ്. ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 2 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണറിയുന്നത്. പേരാവൂർ, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് മേഖലകളിൽ നിന്ന് മാത്രമായി നഷ്ടപ്പെട്ടത് 300 പവനിൽ അധികം സ്വർണമാണ്.

വയനാട് ജില്ലയിൽ 2 വർഷം മുൻപ് പലരുടേതായി നഷ്ടപ്പെട്ടതു 2 കിലോഗ്രാം സ്വർണമാണ്. കോഴിക്കോട് ജില്ലയിലും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും സമാന രീതിയിൽ സ്വർണാഭരണങ്ങൾ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. തലശേരിയിലെ ചിലർ വഴി സ്വർണാഭരണങ്ങൾ മുംബൈയിലെത്തിച്ച് ഉരുക്കി വിറ്റതായും വിവരമുണ്ട്.

5 പേർ അറസ്റ്റിൽ

പലിശരഹിത സ്വർണപ്പണയ വായ്പാ തട്ടിപ്പിനിരയായവരുടെ പരാതികളിൽ എടക്കാട് പൊലീസ് 5 പേരെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി ഇസ്മായിൽ, തലശ്ശേരി ചേറ്റംകുന്ന് സ്വദേശികളായ ഷർമിദ്, ഷിബിലി, ജ്വല്ലറി പ്രകാശൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏജന്റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എടക്കാട് പൊലീസ് സ്റ്റേഷനിലെ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പിറകിൽ ആരാണെന്നതു വ്യക്തമാകാനിരിക്കുന്നതേയുളളു. പലിശരഹിത സ്വർണവായ്പ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 60 പരാതികൾ‌ എടക്കാട് പൊലീസിന് മാത്രം ലഭിച്ചിട്ടുണ്ട്.

തട്ടിപ്പ് ഇങ്ങനെ

സ്വർണാഭരണങ്ങൾ പണയം വച്ചവരെയാണു തട്ടിപ്പുകാർ ആദ്യം ലക്ഷ്യമിട്ടത്. ഏജന്റുമാർ വഴി, സ്വർണം പണയം വച്ചവരെ കണ്ടെത്തി. വായ്പത്തുകയും പലിശയും അടച്ച് പണയ സ്വർണം ബാങ്കിൽ നിന്നും ഇവർ തിരിച്ചെടുക്കുന്നു. എന്നാൽ, ഉടമകൾക്ക് ആഭരണം ഒരു വർഷത്തേക്കു നൽകിയില്ല. ബാങ്കിൽ അടച്ച തുക നൽകിയാൽ, ഒരു വർഷത്തിനു ശേഷം സ്വർണാഭരണം തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം.

ഒരു വർഷത്തെ പലിശ വേണ്ട. സാവകാശം ലഭിക്കുമെന്നതിനാൽ എല്ലാവരും ഇതിനു സമ്മതിച്ചു. തുടക്കത്തിൽ ചിലർക്കൊക്കെ ഈ രീതിയിൽ സ്വർണാഭരണം തിരികെക്കിട്ടി. പക്ഷേ, പഴയ ആഭരണമല്ല, പുതിയവയാണു ലഭിച്ചതെന്നു മാത്രം. ഇതോടെ, കൂടുതൽ പേർ സംഘത്തെ തേടിയെത്തി. ഏജന്റുമാരും സജീവമായി.

പണയം വച്ചവർ മാത്രമല്ല, പണയം വയ്ക്കാൻ ആലോചിക്കുന്നവരും ഇവരെ തേടിച്ചെന്നു. ബാങ്ക് നൽകുന്നതിനേക്കാൾ കൂടിയ തുക ലഭിക്കുമെന്നതും പലിശയില്ല എന്നതും ആകർഷകമായി. പക്ഷേ, ഒരു വർഷത്തിനു ശേഷം പണവുമായി ചെന്ന ആർക്കും പിന്നീടു സ്വർണാഭരണം തിരികെ ലഭിച്ചില്ല. ഇന്ന്, നാളെ എന്നൊക്കെ പറഞ്ഞ് തട്ടിപ്പുകാർ കൈകഴുകി. പുതിയ ആഭരണം നൽകാമെന്നു പറഞ്ഞ് ജ്വല്ലറിയിൽ ആളെ എത്തിച്ച ശേഷം ഏജന്റ് മുങ്ങിയ സംഭവം വരെയുണ്ട്.

തട്ടിപ്പുകാരുടെ നേട്ടം പല വിധം

മാർക്കറ്റ് വിലയിൽനിന്നു പവന് 10,000 രൂപയെങ്കിലും കുറച്ച്  സ്വർണാഭരണങ്ങൾ കിട്ടും എന്നതാണു തട്ടിപ്പുകാരുടെ പ്രധാന നേട്ടം.
ഒരു പവന് 1000 രൂപ മുതൽ 2000 രൂപ വരെയാണ് ഏജന്റ്മാർക്കു കമ്മിഷൻ. സ്വർണത്തിന്റെ വിലയുടെ 70-80 ശതമാനം വരെ ഉടമകൾക്കു ലഭിച്ചതിനാൽ, വലിയ നഷ്ടം ഉടമകൾക്കുണ്ടായില്ലെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, കേന്ദ്രീകൃതമായി നടക്കുന്ന ഈ തട്ടിപ്പിനു പിറകിലുളളവരെയും അവരുടെ സാമ്പത്തിക സ്രോതസ്സും സ്വർണം എവിടെപ്പോയി എന്നതുമൊക്കെ ഗൗരവത്തോടെ അന്വേഷിക്കണമെന്നാണ് ആവശ്യം.

Back to top button
error: