IndiaNEWS

ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍ ഭക്ഷണം, വന്നപ്പോൾ നോണ്‍ വെജ്, പരാതി; സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ!

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാൾഡിനും ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവ് നൽകിയ പരാതി പ്രകാരം ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത തനിക്ക് നോൺ വെജ് ഭക്ഷണം വിതരണം ചെയ്തുവെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി.

പിഴ ചുമത്തപ്പെട്ട കാര്യം സ്ഥിരീകരിച്ച സൊമാറ്റോ, ഇക്കാര്യത്തിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനാണ് ജോധ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം (രണ്ട്) ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഇതിന് പുറമെ കോടതി ചെലവായി 5000 രൂപ കൂടി നൽകണമെന്നും വിധിയിലുണ്ട്. സൊമാറ്റോയും മക്ഡൊണാൾഡും സംയുക്തമായി പിഴത്തുകയും കോടതി ചെലവും അടയ്ക്കണമെന്നാണ് വിധിയിലുള്ളത്.

Signature-ad

അതേസമയം തങ്ങൾക്ക് ലഭിച്ച നിയമോപദേശം അനുസരിച്ച് വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സൊമാറ്റോ അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ പുനഃപരിശോധനയ്ക്ക് സാധ്യതയുണ്ടെന്നാണ് മനസിലായത്. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാളിന് തെറ്റായി നോൺ വെജ് ഭക്ഷണം നൽകി എന്നതാണ് ഇപ്പോഴത്തെ വിധിക്ക് അടിസ്ഥാനമെന്നും കമ്പനി വിശദീകരിക്കുന്നു.

സൊമാറ്റോ ഉപഭോക്താക്കളും കമ്പനിയും തമ്മിലുള്ള ഇടപാടുകൾ നിർണയിച്ചിരിക്കുന്ന കമ്പനിയുടെ സേവന വ്യവസ്ഥകൾ പ്രകാരം, റസ്റ്റോറന്റുകൾ നൽകുന്ന ഭക്ഷണം എത്തിക്കുന്ന പ്ലാറ്റ്ഫോം മാത്രമാണ് സൊമാറ്റോ. ഭക്ഷണം തെറ്റായി എത്തിക്കുന്നതും ഓർഡർ ചെയ്ത സാധനങ്ങൾ അല്ലാതെ മറ്റ് സാധനങ്ങൾ ലഭിക്കുന്നതും ഭക്ഷണത്തിന്റെ ഗുണനിലവാരം പോലുള്ളവയ്ക്കും ഉത്തരവാദികൾ അതത് റസ്റ്റോറന്റുകൾ മാത്രമാണെന്നാണ് കമ്പനിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധിക്കെതിരെ അപ്പീൽ നൽകാനാണ് സൊമാറ്റോയുടെ തീരുമാനം.

ഭക്ഷണ വിതരണത്തിൽ രണ്ട് സ്ഥാപനങ്ങളുടെയും പങ്ക് പ്രത്യേകമായി നിജപ്പെടുത്തുന്നതിൽ ഉത്തരവ് പരാജയപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പിഴത്തുക രണ്ട് സ്ഥാപനങ്ങളും ചേർന്ന് അടയ്ക്കണമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തുവെന്നാണ് സൊമാറ്റോയുടെ വാദം.

Back to top button
error: