തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീന്‍ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തി. വികാരി മോണ്‍സിംഗര്‍ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു. ലത്തീന്‍ സഭ ഉന്നയിച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ലത്തീന്‍ സഭ നേതൃത്വം ഉടക്കിട്ട് നില്‍ക്കുമ്പോഴാണ് മന്ത്രി നേരിട്ട് ഇടവക പള്ളി വികാരിയുമായും ഭാരവാഹികളുമായും ചര്‍ച്ച നടത്തിയത്.
മന്ത്രി ചടങ്ങിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും പങ്കെടുക്കണോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ഇടവക വികാരി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയില്‍ നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായത്. തങ്ങള്‍ വികസനത്തിന് എതിരല്ല. എന്നാല്‍ ജനത്തിന്റെ ആവശ്യം പരിഗണിക്കണം. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ലത്തീന്‍ സഭ വികാരി ജനറല്‍ യൂജിന്‍ പെരേര രംഗത്ത് വന്നു. ലതീന്‍ സഭ ഒരിക്കലും വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം, വിഴിഞ്ഞം വലിയ വികസന പദ്ധതി എന്ന് തുടക്കം മുതല്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും തീരശോഷണ പഠനം ഒന്നുമായില്ലെന്ന് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ പറഞ്ഞ സമയ പരിധി കഴിഞ്ഞുവെന്ന് യൂജിന്‍ പെരേര പറഞ്ഞു. ഒരു ഹിയറിങ് മാത്രമാണ് ആകെ നടന്നത്. സമര കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 7 വാഗ്ദാനങ്ങളാണ്. ഈ ഉറപ്പില്‍ നിന്ന് ലവലേശം മുന്നോട്ട് പോയിട്ടില്ല. ചിപ്പി തൊഴിലാളികള്‍ക്ക് നല്‍കാം എന്നു പറഞ്ഞ നഷ്ട പരിഹാരം നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടി ഇടാന്‍ ഉള്ള നടപടി. പുലി മുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്‍പ് ആഘോഷം നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇപ്പോള്‍ നടക്കുന്നത് മാമാങ്കമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിമര്‍ശനം. ചടങ്ങിലേക്ക് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ആകെ നാല് ക്രെയിനുകള്‍ മാത്രമാണ് വന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനത്തിന് ഒരുപാട് സംശയങ്ങളുണ്ട്. സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ചടങ്ങിലേക്ക് ലത്തീന്‍ സഭയെ ക്ഷണിച്ചാലും പങ്കെടുക്കില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. ജീവന് വില കല്പ്പിക്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു.