പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. ഇന്ന് (വെള്ളി) രാവിലെ ഏഴു മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം.
നിരവധിപുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു വടക്കന്‍ വീരഗാഥ അടക്കമുള്ള സിനിമകളുടെ നിര്‍മ്മാതാവാണ്. 1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണ രംഗത്തെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് വടക്കൻ വീരഗാഥയുടെ സ്ഥാനം.
എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച ‘കാണാക്കിനാ’വിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.
പി.വി സാമി പടുത്തുയർത്തിയ കെ.ടി.സി ഗ്രൂപ്പിന്റെ വളർച്ചയിൽ ജ്യേഷ്ഠ സഹോദരൻപി.വി ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് ഗംഗാധരൻ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദതന്ത്രങ്ങളും ചേംബർ ആവിഷ്കരിച്ചു നടപ്പാക്കിയത്.
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
പി വി സാമിയുടേയും മാധവിയുടേയും മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. പി.വി ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ ജ്യേഷ്ഠ സഹോദരനാണ്. സംസ്ക്കാരം ശനിയാഴ്ച.