CrimeNEWS

പൊലീസുകാരൻ ജയിൽ ഡ്യൂട്ടിക്കെത്തിയത് ഒരു പൊതി കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളുമായി; തടവുകാർക്ക് വിൽപ്പന നടത്തി പണം കൈപ്പറ്റാൻ ശ്രമം, ഒടുവിൽ തൊപ്പിതെറിച്ചു

മുംബൈ: ജയിലിനുള്ളിലേക്ക് കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളും കടത്താൻ ശ്രമിച്ച പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. മുംബൈ സെൻട്രൽ ജയിലിലെ കോൺസ്റ്റബിൾ വിവേന്ദ്ര നായിക്കിനെയാണ് കഞ്ചാവുമായി ജയിലിനുള്ളിൽ നിന്നും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 71 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. സംശയം തോന്നി ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവേന്ദ്ര നായിക്കിന്‍റെ പക്കൽ നിന്നും കഞ്ചാവും മയക്കുമരുന്നു ഗുളികകളും കണ്ടെത്തിയത്.

ജയിലിലെ തടവുകാർക്ക് വിൽപ്പന നടത്തി പണം കൈപ്പറ്റാനായാണ് ഇയാള്‍ മയക്കുമരുന്നും കഞ്ചാവും ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നായിക്കിനെ കഞ്ചാവുമായി ഉദ്യോഗസ്ഥർ പിടികൂടിയത്. വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച എട്ട് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.

Signature-ad

സംഭവത്തിൽ എൻഎം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ വിവേന്ദ്ര നായിക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ വിവേദ്ര നായിക്കിനെ ജോലിയിൽ നിന്നും പുറത്താക്കി ജയിൽ എഡിജിപി ഉത്തരവിറക്കുകയായിരുന്നു. ന്വിദ്വേര നായിക് നേരത്തെ ഇത്തരത്തിൽ മയക്കുമരുന്ന് ജയിലിനുള്ളിലെത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ ജയിലിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Back to top button
error: