NEWSWorld

ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ പ്രതിപക്ഷം ചേരില്ല; ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ വീഴ്ച, യുദ്ധത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കും: പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്

ടെൽഅവീവ്: ഹമാസിനെതിരെ യുദ്ധത്തില്‍ ഒറ്റക്കെട്ടായി നീങ്ങുന്നതിനായി ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്. തീവ്ര വലതുപക്ഷത്തെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നും യാര്‍ ലാപിഡ് പറഞ്ഞു. സംയുക്ത യുദ്ധകാല സര്‍ക്കാരിന്‍റെ മന്ത്രിസഭയിലെ നിലവിലെ രീതിയും അംഗത്വവും ശരിയായ പ്രവര്‍ത്തനത്തിന് അനുകൂലമാകില്ലെന്നും അതിനാല്‍ സംയുക്ത സര്‍ക്കാരില്‍ ചേരില്ലെന്നും യാര്‍ ലാപിഡ് പറഞ്ഞു.

കൃത്യമായ ഭരണനേതൃത്വമില്ലാതെ തീവ്രവലതുപക്ഷത്തേക്കൂടി മന്ത്രിസഭയില്‍ ചേര്‍ക്കുന്നത് പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തന്‍റെ പാര്‍ട്ടി യുദ്ധത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്നത് തുടരുമെന്നും യാര്‍ ലാപിഡ് വ്യക്തമാക്കി. ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലില്‍ യുദ്ധകാല സംയുക്ത സര്‍ക്കാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവത്കരിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലു ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍റിസിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. സംയുക്ത സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ ഒരു സീറ്റ് പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡിന് മാറ്റിവെച്ചിരുന്നു. സംയുക്ത സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം അദ്ദേഹം അതോടൊപ്പം ഇതുവരെ ചേരുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിരുന്നില്ല.

Signature-ad

അതേസമയം, ഹമാസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണമുണ്ടായി. വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പോ, ഡമാസ്കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയയിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിലെ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ റണ്‍വേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആലപ്പോ വിമാനത്താവളത്തിലെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെങ്കിലും ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡമാസ്കസ് വിമാനത്താവളത്തിലെ ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.സംഭവത്തിന് പിന്നാലെ ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Back to top button
error: