ആലപ്പുഴ: തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീട് തീവെച്ചു നശിപ്പിച്ചകേസില്‍ രണ്ടുയുവാക്കള്‍ പിടിയില്‍. പള്ളിപ്പാട്ടുമുറി പള്ളിശാലില്‍ അഭിജിത്ത് (26), പള്ളിശാലില്‍ മഞ്ജിദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് വീടുകത്തിച്ചത്. ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവയും വീട്ടുപകരണങ്ങളും തുണികളുമുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ഷീറ്റിട്ടു നിര്‍മിച്ചിരുന്ന വീട് പൂര്‍ണമായും നശിച്ചു.
നടരാജന്റെ മകന്‍ മനോജുമായുള്ള തര്‍ക്കമാണ് വീടുകത്തിക്കലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പാട്ടുമുറി ജങ്ഷനു സമീപത്തുവെച്ച് മനോജ് ഒരു യുവതിയോടു മോശമായി പെരുമാറിയിരുന്നത്രെ. ഇതുമായി ബന്ധപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതെങ്കിലും പിന്നീട് വിട്ടയച്ചു.
ഇതിനുശേഷം യുവതിയുടെ ബന്ധുക്കളുള്‍പ്പെടെ ഏതാനുംപേര്‍ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങള്‍കാട്ടി ഭീഷണിമുഴക്കി. നടരാജനും ഭാര്യ മണിയമ്മയും സംഭവത്തെപ്പറ്റി രാത്രിതന്നെ പോലീസില്‍ പരാതി നല്‍കി.
രാത്രി പത്തരയോടെ ഏതാനുംപേരെത്തിയാണ് വീടുകത്തിച്ചത്. ശബ്ദംകേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ല.
സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചതായും കൂടുതല്‍ പ്രതികളുണ്ടോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണത്തിലേ വ്യക്തമാകുകയുള്ളെന്ന് തൃക്കുന്നപ്പുഴ പോലീസ് പറയുന്നു.