CrimeNEWS

കണ്ണൂരിലും മധുരൈയിലും വാഹനമോഷണം; ‘കാസര്‍കോടന്‍’ മോഷ്ടാവ് അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി ലബീഷിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാര്‍ മോഷ്ടിച്ച കേസില്‍ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇതേ കാറില്‍ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തി. പ്രദേശത്തെ ഒരു കടയില്‍ നിന്നും ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

Signature-ad

പോലീസ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് വാഹനം തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനും ശ്രമം നടത്തി. പിന്നീട് കൊയിലാണ്ടി ട്രാഫിക് പോലീസിന്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

ചോദ്യംചെയ്യലില്‍ മാളിക്കടവില്‍നിന്ന് ഒമിനി വാനും കണ്ണൂര്‍ റെയില്‍വേ സമീപത്തുനിന്ന് ബൈക്കും മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു. താമരശ്ശേരിയില്‍ നിന്നും മോഷ്ടിച്ച ഫോണും പോലീസ് കണ്ടെത്തി. തമിഴ്‌നാട് മധുരൈയില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തി. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: