KeralaNEWS

108 ആംമ്പുലൻസിനും ആപ്പ്

തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും.
സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാനും സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത്  കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830  ട്രിപ്പുകളാണ് ആംബുലന്‍സുകള്‍ ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധ കേസുകള്‍ക്കും 198 ട്രിപ്പുകള്‍ നിപ അനുബന്ധ കേസുകള്‍ക്കും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.

Back to top button
error: