പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടില്‍ തജിന്ദര്‍ പാല് സിങ് ടൂറും സ്വര്‍ണം നേടി ചരിത്രമെഴുതി. ഞായറാഴ്ച രാവിലെ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങില്‍ ക്യാനൻ ചെനയ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടെയ്മാൻ ത്രയം സ്വന്തമാക്കിയ സ്വര്‍ണത്തോടെയാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. പുരുഷന്മാരുടെ ലോങ്ജംപില്‍ എം. ശ്രീശങ്കര്‍ വെള്ളിയും 1500മീറ്ററില്‍ ജിൻസണ് ജോണ്സണ് വെങ്കലവുമണിഞ്ഞ് മലയാളക്കരക്കും അഭിമാനമായി. ബാഡ്മിന്റണ്‍ പുരുഷന്മാരുടെ ടീമിനത്തില്‍ ഫൈനലില്‍ ചൈനയോട് തോറ്റ ഇന്ത്യക്ക് വെള്ളി ലഭിച്ചു.
പാലക്കാട്ടുകാരനായ ശ്രീശങ്കറിന് മൂന്ന് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് സ്വര്‍ണം ലോങ്ജംപില്‍ സ്വര്‍ണം നഷ്ടമായത്. 8.19 മീറ്ററാണ് ശ്രീ താണ്ടിയത്. സ്വര്‍ണം നേടിയ ചൈനയുടെ വാങ് ജിയാനനൻ 8.22 മീറ്റര്‍ ചാടി. ഈ സീസണില്‍ 8.41 മീറ്ററായിരുന്നു ശ്രീശങ്കറിന്റെ മികച്ച ദൂരം. കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസണ് ജോണ്സണ് മൂന്ന് മിനിറ്റ് 39.74 സെക്കൻഡിലാണ് വെങ്കലത്തിലേക്ക് ഫിനിഷ് ചെയ്തത്. സഹതാരം അജയ് കുമാര്‍ സരോജ് മൂന്ന് മിനിറ്റ് 38.94 സെക്കൻഡില്‍ ഓടിയെത്തി ഈയിനത്തില്‍ വെള്ളിക്ക് അര്‍ഹനായി.
വനിതകളുടെ 1500 മീറ്ററില്‍ ഹര്മിലൻ ബെയ്ൻസിനും വെള്ളിമെഡല്‍ നേടാനായി. ഹെപ്റ്റാത്തലണില്‍ നന്ദിനി അഗാസാരയും വനിത ഡിസ്കസ് ത്രോയില്‍ വെറ്ററൻ താരം സീമ പുനിയയും വെങ്കലത്തിലെത്തി. 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ജ്യോതി യാരാജിയുടെ വെള്ളിമെഡലോടെയാണ് എട്ടാം ദിനം ഇന്ത്യൻ പോരാട്ടം അവസാനിച്ചത്.
എട്ടാം ദിനം അവസാനിക്കുമ്ബോള്‍ 13 സ്വര്‍ണവും 20 വെള്ളിയും 19 വെങ്കലവുമടക്കം 52 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.