IndiaNEWS

ഇന്ന് ഗാന്ധി ജനന്തി: സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ, അഹിംസയുടെ പ്രവാചകനായ മഹാത്മജിയുടെ ജീവിതം അടുത്തറിയൂ

    അമ്മ പഠിപ്പിച്ച പാഠങ്ങളായിരുന്നു മഹാത്മ ഗാന്ധിയുടെ പ്രചോദനം. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരാനും തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാനും ഗാന്ധിജി പഠിച്ചത് അമ്മയിൽ നിന്നാണ്. ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ പല അപമാനങ്ങളും സഹിക്കേണ്ടി വന്നിട്ടും സ്വന്തം വഴിയിൽ നിന്ന് വ്യതിചലിച്ചില്ല. പ്രചോദനവും ആശ്ചര്യവും ഉളവാക്കുന്ന ഇത്തരം നിരവധി സംഭവങ്ങളുണ്ട് മഹാത്മജിയുടെ ജീവിതത്തിൽ.

ജനനം

Signature-ad

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. പിതാവ് കരംചന്ദ് ഗാന്ധി. അമ്മ പുത്ലിബായി. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് പോർബന്തറിലെയും രാജ്‌കോട്ടിലെയും ദിവാനായിരുന്നു. മഹാത്മാഗാന്ധിയുടെ യഥാർത്ഥ പേര് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ്. മൂന്ന് സഹോദരന്മാരിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ലളിതജീവിതത്തിന് പ്രചോദനം നൽകിയത് അമ്മയാണ്. വൈഷ്ണവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിലാണ് ഗാന്ധിജി വളർന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ ജൈനമതം ആഴത്തിൽ സ്വാധീനിച്ചു, അതിനാൽ സത്യത്തിലും അഹിംസയിലും അദ്ദേഹം ശക്തമായി വിശ്വസിക്കുകയും ജീവിതത്തിൽ ഉടനീളം അത് പിന്തുടരുകയും ചെയ്തു.

വിദ്യാഭ്യാസം

ഗാന്ധിജിയുടെ പ്രാഥമിക വിദ്യാഭ്യാസം പോർബന്തറിലായിരുന്നു. മിഡിൽ സ്കൂൾ വരെ അവിടെ വിദ്യാഭ്യാസം നേടി, അതിനുശേഷം പിതാവിന്റെ രാജ്കോട്ടിലേക്കുള്ള സ്ഥലംമാറ്റം കാരണം, ശേഷിക്കുന്ന വിദ്യാഭ്യാസം രാജ്കോട്ടിൽ പൂർത്തിയാക്കി. 1887-ൽ, രാജ്‌കോട്ട് ഹൈസ്‌കൂളിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായി, ഉപരിപഠനത്തിനായി ഭാവ്‌നഗറിലെ സമൽദാസ് കോളജിൽ പ്രവേശനം നേടി, എന്നാൽ വീട്ടിൽ നിന്ന് മാറിനിന്നതിന്റെ അനാരോഗ്യം മൂലം പോർബന്തറിലേക്ക് മടങ്ങി പോന്നു. 1888 സെപ്റ്റംബർ നാലിന് ഇംഗ്ലണ്ടിലേക്ക് പോയി. ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റിയിൽ ചേർന്ന ഗാന്ധിജി അതിന്റെ എക്സിക്യൂട്ടീവ് അംഗമായി.

ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റിയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയ ഗാന്ധിജി മാസികയിൽ ലേഖനങ്ങൾ എഴുതാനും ആരംഭിച്ചു. മൂന്ന് വർഷം ഇവിടെ താമസിച്ചു (1888-1891). ബാരിസ്റ്റർ പഠനം പൂർത്തിയാക്കി 1891ൽ ഇന്ത്യയിലേക്ക് മടങ്ങി.

ദക്ഷിണാഫ്രിക്കയിലേക്ക്

1893 മെയ് മാസത്തിൽ അദ്ദേഹം അഭിഭാഷകനായി പ്രവർത്തിക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ ആദ്യമായി വംശീയ വിവേചനം അനുഭവിച്ചു. വെള്ളക്കാർക്ക് മാത്രം റിസർവ്വ് ചെയ്തതിനാൽ ടിക്കറ്റുണ്ടായിട്ടും ട്രെയിനിന്റെ ഒന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ നിന്ന് തള്ളിയിട്ടപ്പോഴായിരുന്നു അത്. ഇന്ത്യക്കാരനും കറുത്ത വർഗക്കാരനും ഒന്നാം ക്ലാസിൽ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ സംഭവം ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിക്കുകയും വംശീയ വിവേചനത്തിനെതിരെ പോരാടാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ഇന്ത്യക്കാരിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. 1894 മെയ് 22 ന് ഗാന്ധിജി  ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി കഠിനമായി പരിശ്രമങ്ങൾ ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗാന്ധിജി ആഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതാവായി.

സ്വാതന്ത്ര്യ സമരത്തിലെ പങ്ക്

1915-ൽ ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധിജി തന്റെ ഗുരുനാഥനായ ഗോപാലകൃഷ്ണ ഗോഖലെയ്‌ക്കൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ബിഹാറിലെയും ഗുജറാത്തിലെയും ചമ്പാരൺ, ഖേഡ പ്രസ്ഥാനങ്ങളാണ് ഗാന്ധിജിയുടെ ആദ്യത്തെ പ്രധാന പോരാട്ടം. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയ്ക്കും നേതൃത്വം നൽകി. സ്വാതന്ത്ര്യസമര കാലത്ത് 13 തവണ അറസ്റ്റിലായ ഗാന്ധിജി 17 വലിയ ഉപവാസങ്ങൾ അനുഷ്ഠിക്കുകയും 114 ദിവസം തുടർച്ചയായി പട്ടിണി കിടക്കുകയും ചെയ്തു.

ഗാന്ധി തന്റെ അഹിംസ തത്വം സത്യാഗ്രഹമായി അംഗീകരിച്ചു. ഗാന്ധിജിയുടെ സത്യാഗ്രഹം നിരവധി വ്യക്തിത്വങ്ങളെ സ്വാധീനിച്ചു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നെൽസൺ മണ്ടേലയും മാർട്ടിൻ ലൂഥർ കിങ്ങും ഗാന്ധിജിയുടെ സ്വാധീനത്തിലായിരുന്നു.

ദാമ്പത്യ ജീവിതം

1883-ൽ 13-ാം വയസിൽ ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചു. കസ്തൂർബാ ഗാന്ധിയുടെ പിതാവ് സമ്പന്ന വ്യവസായിയായിരുന്നു. വിവാഹത്തിന് മുമ്പ് കസ്തൂർബയ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഗാന്ധിജി അവരെ എഴുത്തും വായനയും പഠിപ്പിച്ചു. ഒരു ഉത്തമഭാര്യയെപ്പോലെ ഗാന്ധിജിയെ എല്ലാ പ്രവൃത്തികളിലും പിന്തുണച്ചു. ഗാന്ധിജിയുടെ ആദ്യത്തെ കുട്ടി 1885-ലാണ് ജനിച്ചത്, എന്നാൽ കുറച്ച് സമയത്തിന് ശേഷം മരിച്ചു. ദമ്പതികൾക്ക് ഹരിലാൽ, മണിലാൽ, രാംദാസ്, ദേവദാസ് എന്നീ നാല് മക്കളാണുള്ളത്.

എഴുത്ത്

പ്രഗത്ഭനായ എഴുത്തുകാരനായിരുന്നു ഗാന്ധിജി.

◾ഹിന്ദ് സ്വരാജ്, 1909-ൽ ഗുജറാത്തിയിൽ പ്രസിദ്ധീകരിച്ചു.
◾ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി പത്രങ്ങൾ അദ്ദേഹം എഡിറ്റ് ചെയ്തു. ഹിന്ദിയിലും ഗുജറാത്തിയിലും ഹരിജൻ, ഇംഗ്ലീഷിലെ യംഗ് ഇന്ത്യ, ഗുജറാത്തി മാസികയായ നവജീവൻ എന്നിവ ഇതിൽ പ്രമുഖമാണ്.

◾ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയും ഗാന്ധിജി എഴുതി.

◾ അദ്ദേഹത്തിന്റെ മറ്റ് ആത്മകഥകളിൽ, ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം, ഹിന്ദ് സ്വരാജ് മുതലായവ പ്രമുഖമാണ്.

അവാർഡ്

◾ടൈം മാഗസിൻ 1930-ൽ മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.
◾2011-ൽ, ടൈം മാഗസിൻ ലോകത്തിന് എന്നും പ്രചോദനമായ 25  മികച്ച രാഷ്ട്രീയ വ്യക്തികളിൽ ഗാന്ധിജിയെയും തിരഞ്ഞെടുത്തു.
◾അദ്ദേഹത്തിന് ഒരിക്കലും നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിലും, 1937 മുതൽ 1948 വരെ അഞ്ച് തവണ അതിനായി നാമനിർദേശം ചെയ്യപ്പെട്ടു.

മരണം

1948 ജനുവരി 30-ന് വൈകുന്നേരം മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ച് കൊന്നു.
ഗോഡ്‌സെ ഹിന്ദുത്വ വാദിയും ഹിന്ദു മഹാസഭ അംഗവുമായിരുന്നു. മുസ്ലീം അനുകൂല നിലപാടും പാക്കിസ്‌താനോട് മൃദുസമീപനവും പുലർത്തിയ ഗാന്ധി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നായിരുന്നു ആരോപണം. കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷം വിചാരണ കോടതി ഗോഡ്‌സെക്ക് വധശിക്ഷ വിധിച്ചു. ഹൈകോടതി വിധി ശരിവച്ചതിനെത്തുടർന്ന് 1949 നവംബറിൽ ഇയാളെ തൂക്കിലേറ്റി. കൂട്ടാളിയായ നാരായൺ ആപ്‌തെയ്ക്ക് വധശിക്ഷയും മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു

Back to top button
error: